• admin

  • March 1 , 2020

ക്രൈസ്റ്റ്ചര്‍ച്ച് :

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 97 റണ്‍സ് മുന്നില്‍. ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിനെ 235 റണ്‍സിന് പുറത്താക്കി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയിലാണ്. അഞ്ചു റണ്‍സോടെ ഹനുമ വിഹാരിയും ഒരു റണ്ണുമായി ഋഷഭ് പന്തുമാണ് ക്രീസില്‍.

ഏഴു റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇന്ത്യ തകരുന്ന കാഴ്ച്ചയാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ വീണ്ടും കണ്ടത്. എട്ടു റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിയപ്പോഴേക്കും ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുറത്തായി. മൂന്നു റണ്‍സെടുത്ത മായങ്കിനെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുരുക്കി. പൃഥ്വി ഷാ 14 റണ്‍സിന് പുറത്തായപ്പോള്‍ വിരാട് കോലിയുടെ സമ്പാദ്യം 14 റണ്‍സ് മാത്രമായിരുന്നു

പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ ചേതേശ്വര്‍ പൂജാരയിലും അജിങ്ക്യ രഹാനെയിലുമായിരുന്നു. എന്നാല്‍ ഒമ്പത് റണ്‍സെടുത്ത രഹാനെയെ ബൗള്‍ഡാക്കി വാഗ്നര്‍ ആ പ്രതീക്ഷയും ഇല്ലാതാക്കി. 88 പന്തില്‍ 24 റണ്‍സെടുത്ത് നിലയുറപ്പിക്കുന്നതിനിടെ പൂജാരയേയും നഷ്ടപ്പെട്ടു. ഉമേഷ് യാദവ് ഒരു റണ്ണെടുത്ത് പുറത്തായി.

മൂന്നു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഒന്നു വീതം വിക്കറ്റുമായി സൗത്തിയും ഗ്രാന്‍ഡ്‌ഹോമും വാഗ്നറും പിന്തുണ നല്‍കി. 

നേരത്തെ ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്സില്‍ 235 റണ്‍സിന് എല്ലാവരും പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ന്യൂസീലന്‍ഡിന് 172 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ പത്തു വിക്കറ്റുകളും നഷ്ടമായി. 

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും കിവീസ് ബാറ്റ്സ്മാന്‍മാരെ തിരിച്ചയക്കുകയായിരുന്നു. രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും തിളങ്ങി. 122 പന്തില്‍ 52 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാഥത്തിനും 63 പന്തില്‍ 49 റണ്‍സ് നേടിയ കെയ്ല്‍ ജാമിസണുമൊഴികെ മറ്റാര്‍ക്കും കിവീസ് നിരയില്‍ തിളങ്ങാനായില്ല.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 63 ഓവറില്‍ 242 റണ്‍സെടുത്തിരുന്നു. ഇന്ത്യയുടെ ഓപ്പണര്‍ പൃഥ്വി ഷാ (54), ചേതേശ്വര്‍ പുജാര (54), ഹനുമ വിഹാരി (55) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. 45 റണ്‍സിന് അഞ്ചുവിക്കറ്റെടുത്ത കെയ്ന്‍ ജാമിസണ്‍ ന്യൂസീലന്‍ഡ് ബൗളര്‍മാരില്‍ മുന്നില്‍നിന്നു. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം കണ്ടെത്തി.