കൽപ്പറ്റ : ഒടുവിൽ വി.ഡി.സതീശൻ മന്ത്രിസഭയിൽ വയനാടിനും അംഗീകാരം.കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ.അഡ്വക്കേറ്റ് ടി സിദ്ദീഖ് മന്ത്രിസ്ഥാനത്തേക്ക്.രണ്ടുദിവസം നീണ്ട ചർച്ചകൾ കൂടിയാണ് അന്തിമ തീരുമാനമായത്. ഹൈക്കമാന്റിന്റെ ഇടപെടൽ ആണ് സിദ്ദിഖിന് അനുകൂലമായത്.1974 ജൂൺ ഒന്നിന് കോഴിക്കോട് സ്വദേശിയായ പരേതനായ ടി കാസിമിന്റെയും നഫീസ കാസിമിന്റെയും മകനായി ജനിച്ചു.1989 ൽ പന്തീരങ്കാവ് ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി .തുടർന്ന് ഗുരുവായൂരപ്പൻ കോളേജിൽ ചേർന്നു പ്രീഡിഗ്രി പഠനം പൂർത്തിയാക്കി.ദേവഗിരി സെൻറ് ജോസഫ് കോളേജിൽ നിന്ന് 1994 ൽ കൊമേഴ്സ് ബിരുദം കരസ്ഥമാക്കി.കോഴിക്കോട് ഗവൺമെൻറ് ലോ കോളജിൽ നിന്ന് രണ്ടായിരത്തിലാണ് നിയമ ബിരുദത്തിൽ വിജയം നേടുന്നത്.
1993ല് കോഴിക്കോട് ദേവഗിരി കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് ആയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.93- 94 ൽ കോളേജ് യൂണിയൻ ചെയർമാനായി.96 98 കാലയളവിൽ ഗവൺമെൻറ് ലോ കോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു.97 – 2000 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
1994ൽ മുതൽ 97 വരെ കോഴിക്കോട് ജില്ലയിലെ പെരുവയൽ മണ്ഡലം ജനറൽ സെക്രട്ടറി എന്ന നിലയിലാണ് യൂത്ത് കോൺഗ്രസിൽ സജീവ ഭാരവാഹിത്വം വഹിക്കുന്നത്.കുന്നമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ 2001ൽ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി കൺവീനറായാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.പിന്നീട് 2002 മുതൽ 2006 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി.
2006 മുതൽ 2008 വരെ സംസ്ഥാന പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു.2008 മുതൽ 2013 വരെ കെ പി സി സി അംഗവും 12 മുതൽ 16 വരെ കെ പി സി സി ജനറൽ സെക്രട്ടറിയും തുടർന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടുമായി.കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട്,എ ഐ സി സി അംഗം എന്നീ നിലകളിലെ പ്രവർത്തനം രാഹുൽ ഗാന്ധിയുടെയും ദേശീയ നേതാക്കളുടെയും ഇഷ്ടക്കാരനാക്കി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5439 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും അഡ്വ ടി.സിദ്ദീഖ് വിജയിച്ച് ആദ്യമായി എം എൽ എ ആകുന്നത്.ഇത്തവണ വൻ മുന്നേറ്റം നടത്തി 45031 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൽപ്പറ്റയിൽ നിന്നും രണ്ടാമതും വിജയിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നടപ്പാക്കിയ ദരിദ്ര ജനവിഭാഗത്തിനുള്ള സബർമതി ഭവനപദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.5.8 ലക്ഷം രൂപ വീതം ചെലവഴിച്ച് 30 ഓളം വീടുകളാണ് പൂർത്തിയാക്കിയത്.
മലബാറിലെ പ്രശസ്ത ക്യാൻസർ പരിചരണ കേന്ദ്രമായ എം വി ആർ ക്യാൻസർ സെൻ്ററിൻ്റെയും കെയർ ഫൗണ്ടേഷന്റെയും ഡയറക്ടർ ആണ്. കോഴിക്കോട് ഇന്ദിരാഗാന്ധി ഫൗണ്ടേഷന്റെയും ഇന്ദിരാഗാന്ധി മെമ്മോറിയൽ അക്കാദമി ഫോർ കോൺഗ്രസ് സ്റ്റഡീസിന്റെയും ചെയർമാനാണ്. 97 കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ 12 വർഷത്തിനുശേഷമായി ആദ്യമായി കെ.എസ്.യുവിനെ വിജയിപ്പിച്ചതിന് പിന്നിൽ ടി സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരുടെ അവിശ്രാന്ത പരിശ്രമം ആയിരുന്നു.2009-ൽ കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിലും യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിലുള്ള സിദ്ദീഖിൻ്റെ പ്രവർത്തനം ഉണ്ടായിരുന്നു.
നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതിലൂടെ ഒട്ടേറെ തവണ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും പോലീസിന്റെയും ആക്രമണങ്ങൾക്കിരിയയായിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെ നടത്തിയ സമരങ്ങളിൽ പോലീസ് നടത്തിയ ലാത്തി ചാർജിൽ പരിക്കേൽക്കുകയും 20 ശതമാനം കേൾവി നഷ്ടമാവുകയും ചെയ്തു.പല ഘട്ട ക്കുന്നില സമര പോരാട്ടങ്ങൾക്കിടെ തിരുവനന്തപുരം,പരപ്പനങ്ങാടി, ആലുവ,കോഴിക്കോട് ജയിലുകളിൽ നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടായ സോളാർ വിവാദത്തിൽ ഉമ്മൻചാണ്ടിയുടെയും യു ഡി എഫ് സർക്കാരിന്റെയും പ്രതിരോധത്തിലെ മുൻനിരക്കാരനായിരുന്നു.പൊതു പ്രവർത്തനവുമായി ബന്ധപ്പെട്ട് യു.എ.ഇ,സൗദി അറേബ്യ,ഖത്തർ,ഒമാൻ തുടങ്ങി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.കൽപ്പറ്റ എം എൽ എ എന്ന നിലയിൽ മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിന്റെ ആദ്യ മണിക്കൂർ മുതൽ ഇതുവരെ രക്ഷാപ്രവർത്തനത്തിലും ഏകോപനത്തിനും പുനരധിവാസ നടപടിക്രമങ്ങളിലും വ്യക്തമായ നേതൃത്വം വഹിച്ചു.കഴിഞ്ഞ അഞ്ചു വർഷക്കാലം വയനാടിൻ്റെയും കൽപ്പറ്റ നിയോജക മണ്ഡലത്തിൻ്റെയും നിർണ്ണായകമായ നേതൃത്വം വഹിച്ചു.
മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കിയ വിദ്യാഭ്യസ പദ്ധതിയും കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കുന്ന സ്പാർക്ക് പദ്ധതിയും മറ്റും ശ്രദ്ധേയമാണ്.പൊതുപ്രവർത്തന രംഗത്തെ മികവിന് ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വേദിയിലിരിക്കെ സി.പി.എം പ്രവർത്തകർ ടി.സിദ്ദീഖിനെ കൂകി വിളിച്ചിരുന്നു.സഹിഷ്ണുതയോടെ ആക്ഷേപങ്ങളെ നേരിട്ട അഡ്വ ടി.സിദ്ദീഖിന് കൽപ്പറ്റയിലെ ജനങ്ങൾ നൽകിയ വലിയ അംഗീകാരം ആയിരുന്നു ഇത്തവണത്തെ മൃഗീയ ഭൂരിപക്ഷം .
