• admin

  • January 23 , 2020

തിരുവനന്തപുരം : സെപ്‌റ്റേജ് സംവിധാനം സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകള്‍ക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷന്‍ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറാന്‍ ഹരിത കേരളത്തിന് കഴിഞ്ഞു. ഉറവിടമാലിന്യം വേര്‍തിരിക്കല്‍ സജീവമാക്കുകയും ഹരിത കര്‍മ്മ സേനയുടെ ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. വേനല്‍കാലത്തിന് മുമ്പ് സംസ്ഥാനത്തെ പതിനായിരം കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജനുവരി 23 മുതല്‍ ബില്‍ ഡിസ്‌കൗണ്ട് സംവിധാനം വഴി ബാങ്കിലൂടെ കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകള്‍ മാറി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശുചിത്വ സംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മാലിന്യമുക്ത കേരളത്തിനായുള്ള തുടര്‍ മുന്നേറ്റങ്ങള്‍ സാധ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മന്ത്രി തോമസ് ഐസകും എം ഗോപകുമാറും ചേര്‍ന്നു രചിച്ച 'മാറുന്ന കനാലുകള്‍ മാലിന്യമകന്ന തെരുവുകള്‍' എന്ന പുസ്‌കത്തിന്റെ നാലാം പതിപ്പിന്റെ പ്രകാശനം ഡോ എന്‍. സി നാരായണനു നല്‍കി മന്ത്രി എ.സി മൊയ്തീന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. ശുചിത്വ ക്യമ്പയിന്‍ കര്‍മ്മ പദ്ധതി നിര്‍വഹണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ അവതരിപ്പിച്ചു. ശുചിത്വ സംഗമത്തിന്റെ ക്രേഡീകരണം ഹരിത കേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ നിര്‍വഹിച്ചു.