വിനോദയാത്രാ ചട്ടലംഘനം;മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, പി.ടി.എ പ്രസിഡന്റിനെതിരെയും നടപടി

വിനോദയാത്രാ ചട്ടലംഘനം;മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, പി.ടി.എ പ്രസിഡന്റിനെതിരെയും നടപടി

കൽപ്പറ്റ : മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി. വിനോദയാത്രയുമായി ബന്ധപ്പെട്ട സർക്കാർ മാർഗനിർദേശങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സ്കൂൾ പി.ടി.എ പ്രസിഡന്റിനെ ചുമതലയിൽ നിന്ന് മാറ്റാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
ആർ.ആർ.ഡിയുടെ അനുമതി തേടാതെയാണ് വിനോദയാത്ര സംഘടിപ്പിച്ചതെന്നും സർക്കാർ നിർദേശപ്രകാരം മൂന്ന് ദിവസം മാത്രം നടത്തേണ്ടിയിരുന്ന യാത്ര അഞ്ച് ദിവസത്തേക്ക് നീട്ടിയെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.ഇതോടെയാണ് ബന്ധപ്പെട്ടവർക്കെതിരെ നടപടിയുണ്ടായത്.അതേസമയം,വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം രക്തപരിശോധനാ ഫലം നെഗറ്റീവായതോടെ തെറ്റാണെന്ന് തെളിഞ്ഞിരുന്നു.

ആരോപണങ്ങൾക്കു പിന്നാലെ താൻ വലിയ മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോയതായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ പ്രതികരിച്ചിരുന്നു.
സത്യം ജയിക്കുമെന്നതിന്റെ ഉദാഹരണമാണ് പരിശോധനാഫലമെന്നും തനിക്കും കുടുംബത്തിനും നേരിടേണ്ടിവന്ന മാനസിക പ്രയാസങ്ങൾക്ക് ആര് മറുപടി പറയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് താനെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.മദ്യപിച്ചെന്ന ആരോപണത്തിൽ പരിശോധനാഫലം പ്രിൻസിപ്പലിന് അനുകൂലമായെങ്കിലും വിനോദയാത്രാ ചട്ടലംഘനവുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *