മാനന്തവാടി : പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിക്ക് നൽകേണ്ട അയൺ ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയെന്ന പരാതിയിൽ ആശങ്ക രേഖപ്പെടുത്തി വിമൻ ഇന്ത്യ മൂവ്‌മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ട പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.മരുന്ന് വിതരണം ചെയ്യുന്നതിലും ഇഞ്ചക്ഷൻ നൽകുന്നതിലും പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം.സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനാ സംവിധാനങ്ങളും മരുന്ന് വിതരണത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും വിമൻ ഇന്ത്യ മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
