• Lisha Mary

  • March 27 , 2020

കൊച്ചി : കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ഊര്‍ജിത നടപടിയായി. ജില്ലയിലെ 82 പഞ്ചായത്തുകളിലായി 100 കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനസജ്ജമായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 150 കിച്ചണ്‍കൂടി ഉടന്‍ ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ലോക്ക്ഡൗണ്‍മൂലം പെട്ടുപോയവര്‍ക്കും ഇനി ഭക്ഷണക്കാര്യത്തില്‍ ആശങ്ക വേണ്ട. സ്‌കൂളുകളുടെ അടുക്കളകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോസ്റ്റലുകള്‍, ആരാധനാലയങ്ങളോട് ചേര്‍ന്ന കെട്ടിടങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവകൂടി കമ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനത്തിനായി ഏറ്റെടുത്തിട്ടുണ്ട്. തിരുവാണിയൂര്‍ പഞ്ചായത്തിന്റെ കീഴില്‍ വണ്ടിപ്പേട്ട വാര്‍ഡില്‍ ഇതിനായി സ്ഥലവും ഉപകരണങ്ങളും പഞ്ചായത്തുതന്നെ ഒരുക്കി. 152 പേരാണ് പഞ്ചായത്തിനുകീഴിലെ വിവിധ വാര്‍ഡുകളില്‍ കോവിഡ്--19 നിരീക്ഷണത്തിലുള്ളത്. നിരവധി കമ്പനികളില്‍ ലോക്ക്ഡൗണ്‍മൂലം നാട്ടിലേക്ക് പോകാന്‍ കഴിയാതെ വന്ന തൊഴിലാളികളുമുണ്ട്. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ മൂന്ന് ഫോണ്‍ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്. നവമാധ്യമങ്ങള്‍വഴിയും വാര്‍ഡ് അംഗങ്ങള്‍വഴിയും ഫോണ്‍ നമ്പരുകള്‍ പ്രചരിപ്പിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് പാചകച്ചുമതല. പഞ്ചായത്തിനുകീഴിലെ നാലു കുടുംബശ്രീ പ്രവര്‍ത്തകരെ ഇതിന് ചുമതലപ്പെടുത്തി. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളും പഞ്ചായത്തുതന്നെ നല്‍കും. ആവശ്യക്കാര്‍ക്ക് പഞ്ചായത്തിന്റെ വാഹനത്തില്‍ അതത് സ്ഥലത്ത് ഭക്ഷണമെത്തി ക്കും. ഓരോ വാര്‍ഡിലും സന്നദ്ധപ്രവര്‍ത്തനത്തിനായി സേന രൂപീകരിച്ച് പത്തംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്തിക്കുന്ന ഭക്ഷണം സേനാംഗങ്ങള്‍ ആവശ്യക്കാരുടെ വീടുകളിലെത്തിക്കും. കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓരോ വീട്ടിലേക്കും പ്രവര്‍ത്തകര്‍ എത്തുക. ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യങ്ങള്‍ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍ 9446127630 എന്ന നമ്പരില്‍ ബന്ധപ്പെടണം. കുന്നത്തുനാട് പഞ്ചായത്തിലും കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിച്ചു. ഭക്ഷണം ആവശ്യമുള്ളവര്‍ 9497734677 എന്ന നമ്പരില്‍ വിളിക്കണം. അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കിച്ചണില്‍ 150 ഭക്ഷണപ്പൊതിയും കുടിവെള്ളവും വിതരണം ചെയ്യുന്നു. തൃപ്പൂണിത്തുറ നഗരസഭയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചു. ആറ് കേന്ദ്രങ്ങളില്‍ ആയി മൂന്നു നേരം ഭക്ഷണം എത്തിയ്ക്കുന്നു. ഓരോ വാര്‍ഡില്‍ നിന്നും വാളന്റിയേഴ്‌സ് ലിസ്റ്റിലുള്ളവര്‍ക്കും ആയൂര്‍വ്വേദം പുതിയകാവ്, താലൂക്ക് ആശുപത്രി പൊലീസ് സ്റ്റേഷന്‍, ഹെല്‍ത്ത് ജീവനക്കാര്‍ വഴിയോര താമസക്കാര്‍ അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കും ഭക്ഷണം എത്തിക്കുമെന്ന് ചെയര്‍പേഴ്‌സന്‍ ചന്ദ്രികാാ ദേവി അറിയിച്ചു.