• Lisha Mary

  • March 29 , 2020

പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തില്‍ വെച്ചൂച്ചിറ, പഴവങ്ങാടി, പെരുനാട്, വടശേരിക്കര, ചെറുകോല്‍, അയിരൂര്‍, റാന്നി പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അനാഥര്‍, അഗതികള്‍, കരാറുകാര്‍ കൊണ്ടുവരാത്ത അതിഥി തൊഴിലാളികള്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യും. മറ്റുള്ളവര്‍ നേരിട്ട് വാങ്ങുന്നതിന് 20 രൂപയും വീട്ടിലെത്തിച്ചു നല്‍കുകയാണെങ്കില്‍ 25 രൂപയും നല്‍കണം. തലേദിവസം ഉച്ചയോടുകൂടി അതത് വാര്‍ഡ് മെമ്പര്‍മാര്‍ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയോ നേരിട്ടോ ആവശ്യമായ പൊതികളുടെ എണ്ണം പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എത്തിക്കണം. ഒന്നാം തീയതി മുതല്‍ വീടുകള്‍ക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ ലിസ്റ്റ് മെമ്പര്‍മാര്‍ മുഖേന പഞ്ചായത്തുകളില്‍ എത്തിച്ചാല്‍ വോളണ്ടിയര്‍മാര്‍ വഴി ഇവ നേരിട്ട് വീട്ടിലെത്തിക്കാനാകും. 200 വോളണ്ടിയര്‍മാരെയാണ് ഓരോ പഞ്ചായത്തിലും ഇതിനായി തയാറാക്കിയിട്ടുള്ളത്. ഇവര്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ പഞ്ചായത്തും പോലീസും ചേര്‍ന്നുനല്‍കും. ഒരു ദിവസം 30 വോളണ്ടിയര്‍മാരെയാണു പഞ്ചായത്ത് നിയോഗിക്കുക. ബാക്കി വോളണ്ടിയര്‍മാര്‍ റിസര്‍വ് ലിസ്റ്റ് ആയി നിലനില്‍ക്കും. തലേദിവസം രണ്ടുമണിയോടെ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക മെമ്പര്‍മാര്‍ മുഖേന പഞ്ചായത്തുകളില്‍ എത്തിക്കണം. തൊട്ടടുത്ത ദിവസം നാലുമണിക്ക് ശേഷം നിത്യോപയോഗ സാധനങ്ങളും, മരുന്നുകളും വാര്‍ഡുകളില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വോളണ്ടിയര്‍മാര്‍ മുഖേന എത്തിച്ചു നല്‍കും. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ റോഡില്‍ ഇറങ്ങാതിരിക്കുന്നതിനാണ് വോളണ്ടിയര്‍മാര്‍ വഴി പഞ്ചായത്ത് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത്. ഇതിനാവശ്യമായ വാഹനങ്ങള്‍ പഞ്ചായത്ത് വാടകയ്ക്കെടുക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വാഹനങ്ങളും ആംബുലന്‍സുകളും ഇവരുടെ ഉപയോഗം കഴിഞ്ഞ് ഈ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പഞ്ചായത്തുകള്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ജീവിതശൈലി രോഗങ്ങളുടെ മരുന്നുകളും വളണ്ടിയര്‍മാര്‍ വഴി എത്തിച്ചുനല്‍കും.