• admin

  • September 20 , 2021

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി ബിജെപിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽ നിന്നും പ്രധാനമന്ത്രിക്ക് ആശംസകാർഡുകൾ അയച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരൂർ പോസ്റ്റോഫീസിൽ ആശംസസന്ദേശം അയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലുള്ളത് കൊണ്ടാണ് കേരളത്തിൽ പട്ടിണി മരണങ്ങളില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില ജിഎസിടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്ത സംസ്ഥാന സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഒരു വശത്ത് ഇന്ധനവില കുറയ്ക്കാൻ സമരം ചെയ്യുന്നവർ മറുവശത്ത് ഇന്ധനവില കുറയ്ക്കുന്നതിനെതിരെ നിലപാടെടുക്കുകയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. പ്രമുഖ വ്യക്തികളും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമടക്കം ആയിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിക്ക് ആശംസകളയച്ചത്. ഒക്ടോബർ 7 വരെ ആശംസാ സന്ദേശം അയക്കുന്നത് തുടരും. സൗജന്യവാക്സിനും നിരവധി ജനക്ഷേമ പദ്ധതികൾക്കും നന്ദി അർപ്പിച്ചും ജന്മദിന ആശംസകൾ നേർന്നുമാണ് ജനങ്ങൾ പ്രധാനമന്ത്രിക്ക് ആശംസകളയക്കുന്നത്. തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും തൊഴിലാളികൾ പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചു. കണ്ണൂരിൽ പികെ കൃഷ്ണദാസ്, കാസർഗോഡ് എപി അബ്ദുള്ളക്കുട്ടി, കോഴിക്കോട് എംടി രമേശ്, പാലക്കാട് സി.കൃഷ്ണകുമാർ, എറണാകുളം ഡോ.കെ.എസ് രാധാകൃഷ്ണൻ, പത്തനംതിട്ട പി.സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ, തിരുവനന്തപുരത്ത് ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.എം.അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.