• admin

  • January 6 , 2020

: സിഡ്നി: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ന്യൂസിലന്റ് ബാറ്റ്സ്മാന്‍ എന്ന പദവി റോസ് ടെയ്ലര്‍ക്ക്. സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ പിന്തള്ളിയാണ് ടെയ്ലര്‍ ബ്ലാക്ക കാപ്പിലെ മുന്‍നിരക്കാരനായത്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് റോസ് ടെയ്ലര്‍ പുതിയ നേട്ടം എത്തിപ്പിടിച്ചത്. നഥാന്‍ ലിയോണെ മിഡ് ഓണിലേക്ക് നീട്ടിയടിച്ച് മൂന്നു റണ്‍ നേടിയതോടെ ടെസ്റ്റില്‍ ടെയ്ലറുടെ ടോട്ടല്‍ 7174. 7172 റണ്‍സാണ് ന്യൂസിലന്റിന് വേണ്ടി ഫ്ളെമിങ് നേടിയിട്ടുള്ളത്. 99 ടെസ്റ്റുകളിലെ 174 ഇന്നിങ്സുകളില്‍ നിന്നായി ആണ് റോസ് ടെയ്ലര്‍ 7174 റണ്‍്സ് അടിച്ചെടുത്തത്. ശരാശരി 46.28. 19 സെഞ്ചുറികളും 33 അര്‍ധ ശതകങ്ങളും ഉള്‍പ്പെടുന്നതാണ് ടെയ്ലറുടെ കരിയര്‍. ഫ്ളെമിങ് 111 ടെസ്റ്റുകളില്‍നിന്നാണ് 7172 റണ്‍സ് നേടിയത്. ഏകദിനങ്ങളില്‍ കൂടുതല്‍ റണ്‍ നേടുന്ന ന്യൂസിലാന്‍ഡുകാരന്‍ എന്ന ബഹുമതി ഫെബ്രുവരിയില്‍ ടെയ്ലര്‍ സ്വന്തമാക്കിയിരുന്നു. ഫ്ളെമിങ്ങിനെ തന്നെയാണ് ഏകദിനത്തിലും ടെയ്ലര്‍ പിന്നിലാക്കിയത്. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും കൂടുതല്‍ രാജ്യാന്തര റണ്ണുകള്‍ നേടിയ കിവീസ് ബാറ്റ്സ്മാനാണ് ടെയ്ലര്‍. 17,250 റണ്‍സാണ് രാജ്യാന്തര മത്സരങ്ങളില്‍ ടെയ്ലര്‍ നേടിയിട്ടുള്ളത്.