• admin

  • February 19 , 2020

ബെയ്ജിംഗ് : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. മരണസംഖ്യ 2009 ആയി. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്. 75,121 പേര്‍ക്ക് ഇതിനോടകം കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലെ വുചാങ് ആശുപത്രി ഡയറക്ടര്‍ ഡോ. ലിയു ഷിമിങും കഴിഞ്ഞദിവസം വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചിരുന്നു. വുഹാനില്‍ രോഗബാധിതരെ കണ്ടെത്താനായി ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ കയറി പരിശോധന ആരംഭിച്ചു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നിര്‍ബന്ധിത പരിശോധനയ്ക്ക് വിധേയരാക്കും. വൈറസ് ബാധ കണ്ടെത്തുന്ന എല്ലാവരെയും പ്രത്യേക കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. ഇതിനായി നിരവധി താല്‍ക്കാലിക കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ബെയ്ജിംഗ്, ഷാംഗായ് എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോകടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ ഏകദേശം 25,000 മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ഹ്യൂബെയില്‍ എത്തിയത്. വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം വുഹാനിലേക്ക് പോകും. സി 17 മിലിറ്ററി എയര്‍ക്രാഫ്റ്റ് ഫെബ്രുവരി 20നായിരിക്കും വുഹാനിലെത്തുക. നേരത്തെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 645 ഇന്ത്യക്കാരെ തിരികെ രാജ്യത്തെത്തിച്ചിരുന്നു. ചൈനയിലേക്ക് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇതേ വിമാനത്തില്‍ കയറ്റി അയക്കും.