• admin

  • February 19 , 2020

തിരുവനന്തപുരം : പൊലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ ഐജി എസ് ശ്രീജിത്ത് അന്വേഷണത്തിന് നേതൃത്വം നല്‍കും. വെടിയുണ്ടകള്‍ കാണാതായ 22 വര്‍ഷത്തെ 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എസ്പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. വെടിയുണ്ടകള്‍ കാണാതായതില്‍ ക്രമക്കേടുണ്ടെന്നാണ് ക്രൈംബാഞ്ചിന്റെ നിഗമനം. ഇതേത്തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെയും ആവശ്യമെങ്കില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തും.