• Lisha Mary

  • March 28 , 2020

ന്യൂയോര്‍ക്ക് : കൊറോണ മഹാമാരിമൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 27,324 ആയി. ലോകത്താകമാനം ഇന്നലെ മാത്രം മൂവായിരത്തിലേറെ പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 969 പേര്‍ ഇറ്റലിയില്‍ മാത്രം മരിച്ചു. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി. ഇതിനിടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 101,000 ആയി. അവിടെ മരണസംഖ്യ 1700 ആണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 17,133 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണനിരക്കില്‍ സ്പെയിനാണ് ഇറ്റലിക്ക് തൊട്ടുപിന്നാലെ. 769 പേരാണ് സ്പയിനില്‍ ഇന്നലെ മരിച്ചത്. ഇതോടെ സ്പെയിനിലെ മരണസംഖ്യ 4858 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുള്ള കണക്കുപ്രകാരം ലോകത്ത് രോഗബാധിതരുടെ എണ്ണം 595,800 ലേക്കെത്തി. ഇതില്‍ 1,31,000 പേര്‍ രോഗമുക്തിനേടിയതായും കണക്കാക്കുന്നു. ലോകത്തെ മൊത്തം രോഗബാധിതരില്‍ മൂന്ന് ലക്ഷവും യൂറോപ്പിലാണ്. സൗദിയില്‍ വെള്ളിയാഴ്ച 92 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ രോഗബാധിതര്‍ 1,100ന് മുകളിലെത്തി. മൂന്ന് മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ ഇന്നലെ 72 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധികര്‍ 405 ആണ്.