• admin

  • February 5 , 2020

വാഷിങ്ടണ്‍ : ഇംപീച്ച്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എതിരാളിയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാന്‍സി പെലോസിയുടെ ഹസ്തദാനം നിഷേധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ് പ്രസംഗത്തിന്റെ പകര്‍പ്പ് നാന്‍സി പെലോസിക്ക് കൊടുത്തു. അവര്‍ ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടി. ട്രംപ് മുഖം തിരിച്ച് നടന്നു. ഹൗസ് സ്പീക്കര്‍ എന്ന ഉന്നതമായ പദവി വഹിക്കുന്നയാള്‍ക്ക് പ്രസിഡന്റ് ഹസ്തദാനം ചെയ്യുന്നത് പതിവാണ്. എന്നാല്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്ത, ഡെമോക്രാറ്റുകളുടെ നേതാവായ നാന്‍സി പെലോസിയെ മനഃപൂര്‍വം ട്രംപ് അധിക്ഷേപിക്കുകയായിരുന്നു എന്ന ആരോപണങ്ങളുയരുന്നുണ്ട്. എന്നാല്‍ അതേ വേദിയില്‍ വച്ച് നാന്‍സി പെലോസി പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന് പ്രസംഗത്തിന്റെ പകര്‍പ്പ് രണ്ടായി വലിച്ച് കീറി. ബരാക് ഒബാമയുടെ ഭരണകാലത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടു തന്റെ കാലത്തെ അമേരിക്കന്‍ സാമ്പത്തിക സ്ഥിതിയെന്ന് ട്രംപ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.