• Lisha Mary

  • March 25 , 2020

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരമായി. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടും കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കാത്ത ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കോവിഡ് ബാധിച്ച് ഇതുവരെ ഏഴു പേര്‍ മരിച്ചെന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്യമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത് സമ്പദ് വ്യവസ്ഥയില്‍ വിഘാതം സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറയുന്നത്. അതുകൊണ്ട് ജനങ്ങള്‍ സ്വയം ക്വാറന്റൈനില്‍ കഴിയാനാണ് ഇമ്രാന്‍ഖാന്റെ ഉപദേശം. രാജ്യത്തെ 25 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. രാജ്യം പൂര്‍ണമായി അടച്ചിട്ടാല്‍ ദിവസവേതനക്കാര്‍, റോഡില്‍ കച്ചവടം ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവരെ ബാധിക്കും. പിന്നീട് എങ്ങനെ ഇവര്‍ വരുമാനം കണ്ടെത്തും?.- ഇമ്രാന്‍ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. അതേസമയം കോവിഡ് വ്യാപനം തടയുന്നതിന് സിന്ധ് പ്രവിശ്യയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.