• admin

  • February 23 , 2020

:

ആഗോളതലത്തിൽ പടർന്നുപിടിക്കുന്ന കോവിഡ്-19 വൈറസിനെ നിയന്ത്രിക്കാനുളള അവസരങ്ങൾ ചുരുങ്ങി വരുന്നതായി ലോകാരോഗ്യസംഘടന. അവസരങ്ങളുടെ വാതിൽ പൂർണമായി അടയുന്നതിനുമുമ്പ് ലോകരാജ്യങ്ങൾ നടപടിയെടുക്കണമെന്നും ഡബ്ല്യു.ടി.ഒ. മുന്നറിയിപ്പുനൽകി.

“ചൈനയ്ക്കുപുറത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നുണ്ട്. വൈറസ് ബാധ ഏതുതലത്തിലേക്കും പോയേക്കാം. സ്ഥിതി അതീവഗുരുതരമാകാൻ സാധ്യതയുണ്ട്.”;  ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയെസുസ് പറഞ്ഞു.

അതിനിടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2363 ആയി. 77,932 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ജപ്പാനിലെ ഡയമണ്ട് പ്രിൻസസ് കപ്പലിനുപുറമേ ഉത്തരകൊറിയയിലും വൈറസ് അതിവേഗം പടരുകയാണ്. ഉത്തരകൊറിയയിൽ ഇതുവരെ 433 പേരിൽ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 229 കേസുകളാണ് റിപ്പോർട്ടുചെയ്തത്.

ഉത്തരകൊറിയയിൽ വൈറസ് ബാധ ഗുരുതരഘട്ടത്തിലേക്ക് കടന്നതായി ആ രാജ്യത്തിന്റെ ആരോഗ്യസഹമന്ത്രി കിം ഗാങ് ലിപ് പറഞ്ഞു. ഒൻപതിനായിരത്തിലേറെപ്പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ ശനിയാഴ്ച രണ്ടാമത്തെ മരണം റിപ്പോർട്ടുചെയ്തു. ഇറാനിൽ 28 പേരിൽ വൈറസ് ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്തു. ഇറ്റലി പത്തുനഗരങ്ങളിലെ പൊതുസ്ഥാപനങ്ങൾ അടച്ചു. ഇറാനിൽ വൈറസ് പടരുന്ന ഖോം, അരാക് നഗരങ്ങളിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.