• admin

  • September 12 , 2020

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യം ശക്തമാകുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ പലയിടത്തും സംഘര്‍ഷത്തിലാണ് കലാശിച്ചത്. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. കെടി ജലീലിനെ മുഖ്യമന്ത്രിയാണ് സംരക്ഷിക്കുന്നതെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. സെക്രട്ടറിയേറ്റിലേക്കും വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു.   തോരാതെ പെയ്യുന്ന മഴ വകവയ്ക്കാതെ കനത്ത പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റിനു മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.   യുവമോര്‍ച്ചയുടെ മാര്‍ച്ചിനു നേരെയും പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മന്ത്രിയുടെ വസതിയ്ക്ക് മുന്നിലും പ്രതിഷേധം തുടരുകയാണ്. യുവമോര്‍ച്ച യൂത്ത് ലീഗ് ഉള്‍പ്പടെയുള്ളവരുടെ മാര്‍ച്ച്‌ മലപ്പുറം ജില്ലയില്‍ വിവധ ഇടങ്ങളില്‍ നടക്കുകയാണ്. തൃശൂരിലെ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെയും പോലീസ് ജലപീരങ്കി ഉപയോഗിച്ചു.   സംഘര്‍ഷത്തില്‍ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനു പരിക്കേറ്റു. തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളിലാണ്‌ പ്രതിഷേധം ശക്തമാകുന്നത്. പലയിടത്തും ബലപ്രയോഗം നടന്നു. കോട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ തീരുമാനം.