• Lisha Mary

  • March 11 , 2020

ഭോപ്പാല്‍ : ഭരണപ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ കൂറുമാറ്റം ഭയന്ന് എംഎല്‍എമാരെയെല്ലാം കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു. ജയ്പൂരിലേക്കാണ് ഇവരെ കൊണ്ടുപോകുന്നത്. രാജിവെച്ച ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് ഇരുന്നൂറിലേറെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ രാജി നല്‍കി. രാജിവെച്ച സിന്ധ്യയ്ക്ക് പിന്തുണയുമായി 22 എംഎല്‍എമാരും രാജി സമര്‍പ്പിച്ചിരുന്നു. ഇവര്‍ ബംഗളൂരുവിലാണ്. സിന്ധ്യയ്ക്കൊപ്പം മറ്റുള്ളവരും ബിജെപിയില്‍ ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 88 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിലുള്ളത്. എന്നാല്‍ 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, ബിജെപിയുടെ 107 എഎല്‍എമാരെ ചൊവ്വാഴ്ച രാത്രിയില്‍ ഗുരുഗ്രാമിലേക്ക് മാറ്റി. അവിടെ ശിവരാജ് സിങ്ങ് ചൗഹാന്‍, കൈലാഷ് അടക്കമുള്ള നേതാക്കള്‍ എംഎല്‍എമാര്‍ക്കൊപ്പമുണ്ട്. കമല്‍നാഥ് സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന കാണിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറാനിരിക്കുകയാണ് ബിജെപി.