• admin

  • May 27 , 2021

ന്യൂഡൽഹി :

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ മൗനംവെടിഞ്ഞ് ട്വിറ്റർ. ഇന്ത്യയിലെ ജനങ്ങൾക്ക് തങ്ങളുടെ സേവനം ഉറപ്പുവരുത്തുന്നതിനായി നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ ട്വിറ്റർ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്നും അറിയിച്ചു. കോൺഗ്രസ് ടൂൾക്കിറ്റ് വിവാദത്തെ തുടർന്ന് കേന്ദ്രസർക്കാരുമായി ഉരസിനിൽക്കുന്നതിനിടയിലാണ് പുതിയ ഡിജിറ്റൽ നിയമങ്ങൾ സംബന്ധിച്ചുളള തങ്ങളുടെ നിലപാട് ട്വിറ്റർ പ്രഖ്യാപിച്ചിരിക്കുന്നത്.

'ഇന്ത്യയിലെ ജനങ്ങളോട് വളരെയധികം പ്രതിജ്ഞാബദ്ധരാണ്. പൊതുസംവാദങ്ങൾക്കും മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് പിന്തുണ ലഭിക്കുന്ന ഉറവിടമാണെന്നും തെളിയിക്കപ്പെട്ടിട്ടുളളതാണ്. ഞങ്ങളുടെ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നതിന് വേണ്ടി രാജ്യത്ത് ബാധകമായ നിയമങ്ങൾ പിന്തുടരാൻ ഞങ്ങൾ ശ്രമിക്കും. എന്നാൽ ലോകമെമ്പാടും ഞങ്ങൾ ചെയ്യുന്നത് പോലെ സുതാര്യതയുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ, സേവനവുമായി ബന്ധപ്പെട്ട ശബ്ദങ്ങളെ ശാക്തീകരിക്കുന്നതിനുളള പ്രതിബദ്ധത, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക, നിയമപ്രകാരം സ്വകാര്യത സംരക്ഷിക്കുക തുടങ്ങിയവ ഞങ്ങൾ തുടരും.' ട്വിറ്റർ വക്താവ് പറഞ്ഞു.

'ഇപ്പോൾ, ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങൾ സേവനം നൽകുന്ന ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങൾ ആശങ്കാകുലരാണ്. ട്വിറ്ററിന്റെ ആഗോള സേവന നിബന്ധനകൾ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തൽ തന്ത്രങ്ങൾ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങൾ സംബന്ധിച്ചും ഞങ്ങൾക്ക് ആശങ്കയുണ്ട്.

സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ തടയുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടണമെന്നാണ് ഞങ്ങൾ കരുതിയിരിക്കുന്നത്. ഇന്ത്യൻ സർക്കാരുമായി ക്രിയാത്മകമായ സംഭാഷണം തുടരും. പൊതുജനങ്ങളുടെ താല്പര്യം സംരക്ഷിക്കുക എന്നുളളത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും ഇൻഡസ്ട്രിയുടെയും സിവിൽ സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്.' ട്വിറ്റർ വ്യക്തമാക്കി.

കോവിഡ് ടൂൾക്കിറ്റ് ആരോപണമുന്നയിച്ച് ബിജെപി വക്താവ് സാംപിത് പത്ര ചെയ്ത ട്വീറ്റിൽ മാനിപുലേറ്റഡ് മീഡിയ എന്ന ഹാഷ്ടാഗ് ട്വിറ്റർ ഉൾപ്പെടുത്തിയതോടെയാണ് ട്വിറ്ററും കേന്ദ്രവും തമ്മിലുളള ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് സ്പെഷ്യൽ സെൽ ട്വിറ്ററിന് നോട്ടീസ് നൽകുയും ട്വിറ്റർ ഓഫീസുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ 'വിവരസാങ്കേതികവിദ്യാ ചട്ടം' (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്. പ്രബല കമ്പനികൾക്ക് അതുനടപ്പാക്കാൻ മൂന്നുമാസത്തെ സാവകാശം നൽകി. ബുധനാഴ്ച സമയം അവസാനിച്ചിരുന്നു.

കമ്പനികൾ ചീഫ് കംപ്ലിയൻസ് ഓഫീസർ, നോഡൽ കോൺടാക്ട് പേഴ്സൺ, റെസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ ഇന്ത്യയിൽ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. ഇതുപ്രകാരം നിയമിക്കപ്പെട്ടവരുടെ വിവരങ്ങൾ നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കും ഗൂഗിളും യൂട്യൂബുമടക്കമുള്ള സ്ഥാപനങ്ങൾ ചട്ടം നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാർഗരേഖ പാലിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നത്.

ചട്ടം ചോദ്യംചെയ്ത് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. രാജ്യസുരക്ഷ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളിൽ ഉള്ളടക്കത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയാണ് അവർ മുഖ്യമായും ചോദ്യംചെയ്യുന്നത്.