• admin

  • February 10 , 2020

ആലപ്പുഴ :

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള എന്യൂമറേഷന്‍ കേരളം നടത്തില്ലെന്നത് മനസില്‍ വച്ചുവേണം അധ്യാപകര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിന്റെ പ്രതികരണശേഷി ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സെന്‍സസ് എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ട്. സെന്‍സസില്‍ വീടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം എടുത്താല്‍ മതി. അന്തേവാസികളുടെ വയസ്, പേര് എന്നിവയെടുക്കുന്നതില്‍ തെറ്റില്ല. ഇവയെല്ലാം ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമല്ല. സെന്‍സസിന്റെ ഭാഗമാണ്. ആ വിവരങ്ങള്‍ മാത്രം എടുക്കുന്ന സെന്‍സസ് പ്രവര്‍ത്തനമാണ് നടത്തേണ്ടത്. കേരളം നല്ല പ്രതികരണശേഷിയുള്ള നാടാണ്. യുവാക്കളാണ് വലിയ തോതില്‍ പ്രതികരിക്കാറുള്ളത്. ഇതിന് മാറ്റമുണ്ടാക്കാന്‍ ഏതോ തലത്തിലുള്ള ഗൂഢാലോചന നടക്കുന്നു. വലിയ തോതില്‍ ലഹരിക്ക് അടിപ്പെടുന്ന അവസ്ഥയുണ്ട് സമൂഹത്തില്‍. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വന്‍തോതില്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നു. നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്താനുള്ള ശ്രമവുമുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ഉപയോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി ഇല്ലാതാക്കാനാകില്ല. കുട്ടികള്‍ പലപ്പോഴും ജീവന്‍വരെ സ്വയം നഷ്ടപ്പെടുത്താന്‍ സന്നദ്ധമായ മാനസികാവസ്ഥയില്‍ എത്തുന്നുണ്ട്.  പൗരത്വ നിയമഭേദഗതിക്കെതിരായ യോജിച്ച പോരാട്ടത്തെ എതിര്‍ക്കുന്നവര്‍ ആരെയാണ് സഹായിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.