• admin

  • February 22 , 2020

വാഷിങ്ടൻ :

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിലെ റഷ്യൻ ബന്ധം സംബന്ധിച്ച യുഎസ് കോൺഗ്രസ് അന്വേഷണത്തിൽ ഇടപെട്ടതിനു ട്രംപിന്റെ ദീർഘകാല ഉപദേശകൻ റോജർ സ്റ്റോണിനു 40 മാസം ജയിൽശിക്ഷ. വ്യാജമൊഴി നൽകിയതിനും സാക്ഷികളെ സ്വാധീനിച്ചതിനും അന്വേഷണം തടസ്സപ്പെടുത്തിയതിനും സ്റ്റോൺ കുറ്റക്കാരനാണെന്നു കഴിഞ്ഞ നവംബറിൽ കോൺഗ്രസ് സമിതി കണ്ടെത്തിയിരുന്നു.

ട്രംപിനെതിരെയും യുഎസ് ജില്ലാ കോടതിവിധിയിൽ പരോക്ഷമായ വിമർശനമുണ്ട്. പുതിയ വിചാരണയ്ക്കായുള്ള സ്റ്റോണിന്റെ അപേക്ഷയിൽ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുകയില്ല. തന്റെ അടുപ്പക്കാരായ ഡസനിലേറെ കുറ്റവാളികൾക്കു കഴിഞ്ഞയാഴ്ച പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചു ട്രംപ് മാപ്പു നൽകിയതു വിവാദമായിരുന്നു. എന്നാൽ സ്റ്റോണിന്റെ ശിക്ഷ ഒഴിവാക്കാനുള്ള ഉത്തരവ് ഉടൻ ഇറക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

2016 തിരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം സംബന്ധിച്ചു സ്പെഷൽ കൗൺസൽ റോബർട്ട് മുള്ളർ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തൽ ട്രംപിനെതിരായിരുന്നു. മുള്ളർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെടുന്ന ട്രംപിന്റെ അടുപ്പക്കാരിൽ ആറാമത്തെയാളാണു സ്റ്റോൺ.