• admin

  • January 14 , 2020

ബെയ്ജിങ് :

ബെയ്ജിങ്: ചൈനയില്‍ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വമ്പന്‍ ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞു. ബസ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറോളം പേര്‍ മരിച്ചു. ഇതില്‍ ഒരു കൊച്ചുകുഞ്ഞും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. പത്തിലധികം പേരെ കാണാതായി. 

പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖിങ്ഹായ്  പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ഓടുന്നതിന്റെ വീഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് തൊട്ടുമുന്നിലായി ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്ന് സ്‌ഫോടനവും ഉണ്ടായി. 

റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതു മൂലം അപകടങ്ങളുണ്ടാകുന്നത് ചൈനയില്‍ ഇതാദ്യമായല്ല. 2016ല്‍ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. മൂന്നുപേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.