• admin

  • March 2 , 2020

കോഴിക്കോട് : ജില്ലയുടെ സുസ്ഥിര വികസനം ലക്ഷ്യമിടുന്ന 'മിഷന്‍ കോഴിക്കോട്' പദ്ധതി രൂപരേഖ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു. ജില്ലയിലെ പ്രധാനമേഖലകളെല്ലാം സ്പര്‍ശിക്കുന്നതും നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ദൗത്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുമാണ് രൂപരേഖ തയ്യാറാക്കിയത്. ജില്ലയിലെ വിവിധ വകുപ്പുകളുമായി കൂടിയാലോചനയും നടത്തിയിട്ടുണ്ട്. പതിവ് വകുപ്പുതല നടപടികളില്‍ നിന്നു വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള മേഖലാതല സമീപനത്തിലൂടെ മിഷന്‍ മോഡിലാണ് പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. ഓരോ പദ്ധതിയും പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരു ടീമായി പ്രവര്‍ത്തിക്കണം. ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ മിഷന്‍ മോഡില്‍ നടപ്പാക്കുന്നതിന് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണം. ജില്ലയില്‍ വികസനരംഗത്ത് ഏതെല്ലാം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രൂപരേഖയിലുണ്ട്. ജനപ്രതിനിധികള്‍ അവരുടെ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പദ്ധതികള്‍ നടപ്പാക്കണം. പദ്ധതിനിര്‍വ്വഹണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. ത്രിതല പഞ്ചായത്തു തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഓരോ നിയോജകമണ്ഡലങ്ങള്‍ക്കു കീഴിലുമുള്ള പഞ്ചായത്തുകളെ ഒന്നിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. മിഷന്‍ രൂപരേഖ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തല്‍, സാമ്പത്തിക സാമൂഹിക പരിസ്ഥിതി ഘടകങ്ങള്‍ക്ക് പ്രഥമ പരിഗണന എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുക. നവകേരള മിഷനിലുള്‍പ്പെട്ട പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി എജുക്കേഷന്‍ മിഷന്‍ പ്ലാന്‍, കാര്‍ഷികമേഖലയില്‍ വിഷരഹിത ഫലം ലക്ഷ്യമിട്ട് 'സുഫലം' , പച്ചക്കറി സ്വയം പര്യാപ്ത ജില്ല, തരിശുരഹിത കോഴിക്കോട് എന്നീ പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതി നല്ല രീതിയില്‍ നടപ്പാക്കുന്നതിനായി ധനുഷ് സമൃദ്ധി പ്രോഗ്രാം, ബാലസൗഹൃദ, വനിതാ സൗഹൃദ ജില്ല, ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ കോഴിക്കോട്, വെല്‍ഫെയര്‍ ഹോമുകളുടെ സമഗ്ര വികസനത്തിനായി ഹാപ്പി ഹില്‍ പ്രോജക്റ്റ്, അങ്കണവാടികളുടെ സമഗ്ര നവീകരണത്തിന് ക്രാഡില്‍ പദ്ധതി, ഭിന്നശേഷിക്കാരുടെ സര്‍വ്വതോമുഖ പുരോഗതി ലക്ഷ്യമിട്ടുള്ള എനേബ്ലിങ് കോഴിക്കോട്, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി 'ഗരിമപ്ലസ്' , ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍, നമ്മള്‍ നമുക്കായി, വ്യവസായ തൊഴില്‍ മേഖലയുടെ വികസനത്തിനായി എന്റര്‍പ്രൈസസ് കോഴിക്കോട്, പട്ടികജാതി കോളനികളുടെ സമഗ്ര വികസനം, ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാനായി ഭൂമിത്ര പദ്ധതി, പൊതുജന പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന 'ഇമ്മടെ കോഴിക്കോട് ' അടക്കമുള്ള വിവിധ പദ്ധതികള്‍ മിഷന്‍ കോഴിക്കോടിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.