• admin

  • February 10 , 2020

ബെയ്ജിങ് :

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഞായറാഴ്ച മാത്രം മരിച്ചത് 97 പേര്‍. ഇതോടെ ചൈനയില്‍ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 908 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 40171 ആയതായി തിങ്കളാഴ്ച ചൈനീസ് അധികൃതര്‍ അറിയിച്ചു.

ചൈനയ്ക്ക് പുറത്ത് മറ്റു രാജ്യങ്ങളിലെ കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ 'മഞ്ഞുമലയുടെ അറ്റം' മാത്രമാത്രമായിരിക്കാന്‍ ഇടയുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ് പറഞ്ഞു. ചൈനയിലേയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തവരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ എണ്ണം  മാത്രമാണ് ഇതെങ്കിലും മറ്റു പല രാജ്യങ്ങളിലെയും സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വലിയ തോതില്‍  വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് കാണിക്കുന്നത്, ടെഡ്രോസ് പറഞ്ഞു.

ചൈനയ്ക്കു പുറത്ത് 25 രാജ്യങ്ങളിലായി മുന്നൂറിലധികം കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് രണ്ടു മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്; ഹോങ് കോങ്ങിലും ഫിലപ്പീന്‍സിലും. നിലവില്‍ ചൈനയ്ക്കു പുറത്ത് വളരെ പതുക്കെയാണ് വൈറസിന്റെ വ്യാപനം കാണപ്പെടുന്നത്. എന്നാല്‍ ഇത് വേഗത കൈവരിച്ചുകൂടെന്നില്ലെന്നും ടെഡ്രോസ് മുന്നറിയിപ്പു നല്‍കുന്നു.

കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് ചൈന ഇതുവരെ നീക്കിവെച്ചിരിക്കുന്നത് 71.85 ബില്യണ്‍ യുവാന്‍ (ഏകദേശം 10.3 ബില്യണ്‍ ഡോളര്‍) ആണ്. ഇതില്‍ പകുതിയോളം തുക ഇതുവരെ ഉപയോഗിച്ചുകഴിഞ്ഞതായി ചൈനീസ് ധനകാര്യമന്ത്രി ലിയു കുന്‍ പറഞ്ഞു.