• admin

  • February 23 , 2020

ന്യൂഡല്‍ഹി : ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് യുഎസ് പിന്‍മാറിയതായി റിപ്പോര്‍ട്ട്. ചില ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനവേളയില്‍ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നായിരുന്നു പ്രതീക്ഷ. അവസാന നിമിഷം അമേരിക്ക കരാറില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കരാറുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും ശ്രമിച്ച് വരുന്നതിനിടെയാണ് ഇത്. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അമേരിക്കന്‍ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. സമഗ്ര കരാര്‍ നടപ്പിലാക്കാനായില്ലെങ്കിലും ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഒരു മിനി കരാറിനായുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. ഇതാണിപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്. താരിഫ് കുറയ്ക്കുന്നതുമായും മാര്‍ക്കറ്റ് തുറന്ന് നല്‍കുന്നതുമായും ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നില്‍ക്കുന്നത്. ഇന്ത്യയിലെ ഉയര്‍ന്ന താരിഫിലുള്ള അതൃപ്തി കഴിഞ്ഞ ദിവസം ട്രംപ് തുറന്ന് പറഞ്ഞിരുന്നു. ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള വിലനിയന്ത്രണത്തില്‍ ഇളവ് വേണമെന്ന യുഎസിന്റെ ആവശ്യവും ജി.എസ്.പി പുനസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും ചര്‍ച്ചയായിരുന്നു.