• admin

  • February 23 , 2020

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായി നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയതോടെ ഡല്‍ഹി ജാഫറാബാദ് മെട്രോ സ്റ്റേഷന്‍ അടച്ചു. ഈ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇവിടെ സ്ത്രീകളുടെ വന്‍ സംഘം പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രധാന റോഡിലും ഗതാഗതം തടസ്സപ്പെട്ടു. സി.എ.എക്കെതിരായ പ്രതിഷേധത്തിന്റെ പുതിയ കേന്ദ്രമായി മാറിയിരിക്കുകയാണ് ജാഫറാബാദ്. ദേശീയ പതാകയേന്തി ആസാദി മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തിപ്പെട്ട് വരികയാണ് ഇവിടെ. ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പാര്‍ട്ടി ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ പ്രതിഷേധം. നീ ബാന്‍ഡ് ധരിച്ചവരും പ്രതിഷേധക്കാര്‍ക്കിടയിലുണ്ട്. ജയ് ഭീം മുദ്രാവാക്യവും ഇവര്‍ക്കിടയില്‍ നിന്നുയരുന്നുണ്ട്.. പ്രതിഷേധം കനക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഗതാഗതം തടസ്സപ്പെട്ട റോഡുകളില്‍ തടസ്സം നീക്കാനുള്ള ശ്രമം പൊലീസ് നടത്തിവരുന്നുണ്ട്.