• admin

  • March 1 , 2020

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. എല്ലാ വകുപ്പുകളും തികഞ്ഞ ജാഗ്രതയോടെ ചുമതലകള്‍ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറ്റമറ്റ രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവം ധാരാളമുണ്ട്. അതു തുടരണം. നല്ല ചൂട് അനുഭവപ്പെടുന്നതിനാല്‍ എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല പ്ലാസ്റ്റിക് രഹിതമാക്കാന്‍ ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഓരോ വകുപ്പും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. 2.8 കോടി രൂപയാണ് പൊങ്കാലയുടെ ഒരുക്കങ്ങള്‍ക്കായി അനുവദിച്ചത്. റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 200 വോളന്റിയര്‍മാരെ നിയോഗിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗരസഭ 3500 ജീവനക്കാരെ വിന്യസിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ 500 ഗ്രീന്‍ ആര്‍മി അംഗങ്ങള്‍ നേതൃത്വം നല്‍കും. 10,000 സ്റ്റീല്‍ ഗ്ലാസുകളും 3,000 പ്ലേറ്റുകളും ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നഗരത്തില്‍ 25 ടാങ്കുകള്‍ സ്ഥാപിക്കുകയും ടാങ്കറുകളില്‍ വെള്ളമെത്തിക്കുകയും ചെയ്യും. 1.5 കോടി രൂപ ചെലവഴിച്ചാണ് 32 നഗരസഭാ വാര്‍ഡുകള്‍ നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 21 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. 10 ദിവസം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം പുതിയ ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ 14 സ്‌ക്വാഡുകള്‍ നഗരപരിധിയില്‍ പരിശോധന ആരംഭിച്ചു. ശുദ്ധജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിവിധ സ്രോതസ്സുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ജലത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഐരാണിമുട്ടം അടക്കമുള്ള സ്ഥലങ്ങളിലെ ടാങ്കറുകളില്‍ വാട്ടര്‍ അതോറിറ്റി വെള്ളം നിറച്ചുതുടങ്ങി. താല്കാലികമായി 1,270 ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും. അഗ്‌നിരക്ഷാസേന നഗരത്തില്‍ 97 പോയിന്റുകള്‍ ക്രമീകരിച്ചു. ടാങ്കുകളില്‍ കുടിവെള്ളം നിറയ്ക്കാന്‍ സേനയുടെ വാഹനങ്ങള്‍ ഉപയോഗിക്കും. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിക്കും. നഗരത്തിലെ ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഉത്സവം നടക്കുന്ന പത്ത് ദിവസത്തേയ്ക്ക് ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 85 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തും. സുരക്ഷയ്ക്കായി നഗരത്തില്‍ 3,000 മുതല്‍ 4,000 വരെ പോലീസുകാരെയാണ് നിയോഗിക്കുന്നത്.