• admin

  • March 1 , 2020

കൊല്ലം : മഴയൊന്ന് തിമിര്‍ത്തു പെയ്താല്‍ കയ്യില്‍ കിട്ടുന്നതും പെറുക്കി മറ്റിടങ്ങളിലേയ്ക്ക് മാറിനില്‍ക്കേണ്ട അവസ്ഥ, മക്കള്‍ക്ക് കല്യാണമുറച്ചാല്‍ വാടക വീടുകള്‍ തേടിപ്പോകേണ്ട ഗതികേട്, ആകെയുള്ള പൊതുശൗചാലയങ്ങളുടെ ദുര്‍ഗന്ധം സഹിച്ച് കഴിയേണ്ടിവന്ന കുഞ്ഞുങ്ങളുടെ ദയനീയത. റെയില്‍വേ സ്റ്റേഷന് സമീപത്തെ അലക്കുകുഴിയിലെ പഴയ ജീവിതത്തിന്റെ ആ ദുരിതകഥകള്‍ ഇനിയില്ല. ലൈഫ് പദ്ധതിയില്‍ കെട്ടിയുയര്‍ത്തിയ മുണ്ടയ്ക്കല്‍ കച്ചിക്കടവിലെ തങ്ങളുടെ പുതിയ വീടുകളിലേക്ക് വികസനത്തിന്റെ കാഴ്ച്ചകള്‍ തേടിയെത്തിയ വിദ്യാര്‍ഥികളെ അവര്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു. അലക്കുകുഴിയിലെ ചേരിയുടെ കറുത്ത മറകള്‍ ഇവിടെയില്ല. മുണ്ടയ്ക്കല്‍ കച്ചികടവില്‍ ഇവര്‍ക്ക് ലഭിച്ച വീടുകളില്‍ ആഹ്ലാദം പകരുന്ന ജീവിത കാഴ്ചകള്‍ മാത്രമാണുള്ളത്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ക്വയിലോണ്‍ സിറ്റി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച 'ലൈഫ് ടൂര്‍' പരിപാടിയാണ് ഹൃദ്യമായ സമാഗമത്തിന് വേദി ഒരുക്കിയത്. സാമൂഹ്യ സേവന രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വിവിധ കോളേജുകളിലെ ജെ സി ഐ അംഗങ്ങളായ ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളാണ് ലൈഫില്‍ കോര്‍ത്തെടുത്ത ജീവിതങ്ങളുടെ നേര്‍ക്കാഴ്ച പകര്‍ത്താന്‍ എത്തിയത്. സാധാരണക്കാരന്റെ എക്കാലത്തെയും സ്വപ്നമായ വീട് എന്ന തണല്‍, സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നിവയെല്ലാം കരുതലോടെ നല്‍കി ചേര്‍ത്തുപിടിക്കുന്ന ഒരു സര്‍ക്കാര്‍ സംവിധാനം ഏറെ പ്രശംസയര്‍ഹിക്കുന്നെന്ന് കന്യാകുമാരി കുമാരകോവില്‍ നൂറുല്‍ ഇസ്ലാം കോളേജ് വിദ്യാര്‍ഥി മുഹ്ലീസ് പറഞ്ഞപ്പോള്‍ വാര്‍ത്തകളില്‍ കേട്ടറിഞ്ഞതിനേക്കാള്‍ ജീവിതങ്ങള്‍ കണ്ടറിഞ്ഞ തൃപ്തിയാണ് ലൈഫ് ടൂറിലൂടെ സാധ്യമായതെന്ന് കോയമ്പത്തൂര്‍ നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനി അശ്വതി അഭിപ്രായപ്പെട്ടു. സന്നദ്ധ സേവന രംഗത്ത് വോളന്റിയര്‍മാരായി ചുവടുറപ്പിക്കാന്‍ ഇറങ്ങിതിരിച്ച വിദ്യാര്‍ഥികളുടെ ഒരു സംഘമാണ് ലൈഫ് ടൂറിനെത്തിയത്. പ്രളയ കാലത്തടക്കം ഇവര്‍ ഏറെ ജീവിത ദുരിതങ്ങള്‍ കണ്ടറിഞ്ഞവരാണ്. കേവലം വിനോദ കാഴ്ചകള്‍ക്കപ്പുറം നാടിന്റെ ഇത്തരം വികസന മുഖങ്ങള്‍ നേരിട്ടറിയാന്‍ സാധിച്ചതിന്റെ സന്തോഷവും പങ്കുവെക്കാന്‍ വിദ്യാര്‍ഥികള്‍ മറന്നില്ല. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറുമായുള്ള മുഖാമുഖത്തിന് ശേഷമാണ് വിദ്യാര്‍ഥിനികള്‍ അടങ്ങുന്ന സംഘം ലൈഫ് വീടുകള്‍ സന്ദര്‍ശിച്ചത്.