താളിയോല രേഖകൾക്ക് പുതിയ പഠനകേന്ദ്രം: കെട്ടിടം ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും

താളിയോല രേഖകൾക്ക് പുതിയ പഠനകേന്ദ്രം: കെട്ടിടം ഫെബ്രുവരി 26ന് നാടിന് സമർപ്പിക്കും

എറണാകുളം : സംസ്ഥാന പുരാരേഖ വകുപ്പിന് കീഴിലുള്ള ഒരു കോടിയിൽപ്പരം വരുന്ന താളിയോല രേഖകളുടെ സൂക്ഷിപ്പിനും പഠന ഗവേഷണത്തിനുമായി വിഭാവനം ചെയ്ത ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ യാഥാർത്ഥ്യത്തിലേക്ക്. കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിൽ ഇതിനായി പണിതീർത്ത 21,832 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായി. കെട്ടിടം പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെബ്രുവരി 26ന് വൈകുന്നേരം 3 മണിക്ക് നാടിന് സമർപ്പിക്കും.

കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെയും പൈതൃക സംരക്ഷണ പ്രവർത്തനത്തിന്റെയും ഭാഗമായാണ് ഇത്തരത്തിൽ ഒരു കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്.2020-21 സാമ്പത്തിക വർഷത്തെ ബജറ്റിൽ ആറു കോടി രൂപ ഇതിനായി പ്രഖ്യാപിക്കുകയുണ്ടായി.തുടർന്ന് കേരള സർവ്വകലാശാല ഒരേക്കർ സ്ഥലം ഈ ഗവേഷണ കേന്ദ്രത്തിനായി വിട്ടുനൽകി. സർവ്വകലാശാലയിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയും പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്താണ് പുതിയ മന്ദിരം പണിതീർത്തിരിക്കുന്നത്.

കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലെ റീജ്യണൽ ആർക്കൈവ്‌സുകളിൽ സൂക്ഷിച്ചിരിക്കുന്ന പതിനാലാം നൂറ്റാണ്ടു മുതലുള്ള താളിയോല രേഖകൾ ഈ കേന്ദ്രത്തിലേക്ക് മാറ്റി സജ്ജീകരിക്കും.
സ്ത്രീകൾക്ക് വേലക്കടകൾ തുടങ്ങാൻ പണം കൊടുത്തത്,തൃപ്പടിദാനം,പാണ്ഡ്യരാജാവ് മലയാളത്തിലെ രാജക്കൻമാർക്ക് ഗ്രാമം ദാനം നൽകിയത്,സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ വൈകി എത്തിയതിന് പിഴ ഈടാക്കിയത്,ജോലിക്ക് നെല്ലിനു പകരം പണം കൂലിയായി കൊടുത്ത ഉത്തരവ്,തൂക്കി കൊല്ലുന്നതിനു മുൻപ് അവസാന ആഗ്രഹം ചോദിക്കുന്നത് സംബഡിച്ച രേഖ തുടങ്ങി കൗതുകകരമായ ഒട്ടേറെ താളിയോല രേഖകൾ ഇക്കൂട്ടത്തിൽ ഉണ്ട്.

ഗവേഷകർക്കും പഠിതാക്കൾക്കും പഠന പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേകം സൗകര്യം ഈ കേന്ദ്രത്തിൽ ഒരുക്കും.താളിയോല രേഖകളുടെ രാസസംരക്ഷണത്തിനും ഡിജിറ്റൈസേഷനുമുള്ള ലബോറട്ടറി സൗകര്യങ്ങളും ഈ കെട്ടിടത്തിൽ സജ്ജീകരിക്കും.കേരളത്തിന്റെ മധ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശാൻ പര്യാപ്തമായ ഭരണപരവും സാംസ്‌കാരികവുമായി പ്രസക്തിയുള്ള ഒരു കോടിയിൽപരം താളിയോല രേഖകളാണ് നിലവിൽ കേരള ആർക്കൈവ്‌സിന്റെ സൂക്ഷിപ്പിലുള്ളത്.ഈ രേഖകൾ ഒരു കേന്ദ്രത്തിൽ ലഭ്യമാകുന്നത് പഠിതാക്കൾക്കും ഗവേഷകർക്കും പ്രയോജനപ്രദമാകും.

Leave a Reply

Your email address will not be published. Required fields are marked *