ഗവ.മെഡിക്കല്‍ കോളജിന് വനഭൂമി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം:വയനാട് പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ : വയനാട് ഗവ.മെഡിക്കല്‍ കോളജിന് മാനന്തവാടി അമ്പുകുത്തിയില്‍ 11.2778 ഹെക്ടര്‍(28 ഏക്കര്‍)വനഭൂമി ഏറ്റെടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.അമ്പുകുത്തിയില്‍ ഏറ്റെടുക്കുന്നതിന് പകരം ബത്തേരി പുത്തൂരില്‍ 8.9730 ഉം കാപ്പാടില്‍ 2.3477 ഉം ഹെക്ര്‍ ഭൂമി പരിഹാര വനവത്കരണത്തിന് കൈമാറി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് തട്ടിപ്പാണ്.ഈ സ്ഥലങ്ങള്‍ കര്‍ഷകരുടെ കൈവശം ഉണ്ടായിരുന്നതും അതിരൂക്ഷമായ വന്യജീവിശല്യത്തിന്റെ പശ്ചാത്തലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ സ്വയംസന്നദ്ധ പുനരധിവാസം നടപ്പാക്കിയപ്പോള്‍ വനം വകുപ്പിന് ലഭിച്ചതുമാണ്.ഈ ഭൂമികള്‍ വനമായി മാറിക്കഴിഞ്ഞതാണ്.മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സ്വകാര്യ ട്രസ്റ്റ് 50 ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തിരുന്നു.

കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ആയിരക്കണക്കിന്ന് കൂറ്റന്‍ മരങ്ങള്‍ ഈ ഭൂമിയില്‍നിന്നു മുറിച്ചുമാറ്റി.ഇതിനുശേഷമാണ് മടക്കിമല ഭൂമിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കേണ്ടെന്ന തീരുമാനമുണ്ടായത്.വിലകുറഞ്ഞ രാഷ്ടീയ ലക്ഷ്യങ്ങളായിരുന്നു ഇതിനു പിന്നില്‍.
സര്‍ക്കാരില്‍ നിക്ഷിപ്തമായ ആയിരക്കണക്കിന്ന് ഏക്കര്‍ ഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ അനേകം ഹെക്ടര്‍ തോട്ടം ഭൂമിയും ജില്ലയില്‍ ഉണ്ട്. എന്നിരിക്കേ മെഡിക്കല്‍ കോളജിന് വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് സഹായകമായ നിലപാട് സംസ്ഥാന വനം വകുപ്പും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സ്വീകരിക്കരുത്.മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയിലോ മറ്റു ഗവ.ഭൂമികളിലോ മെഡിക്കല്‍ കോളജിന് സ്ഥിര നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.സമിതിയോഗത്തിൽ എൻ. ബാദുഷ അദ്ധ്യക്ഷം വഹിച്ചു.ബാബു മൈലമ്പാടി, തോമസ്സ് അമ്പലവയൽ,തച്ചമ്പത്ത് രാമകൃഷ്ണൻ,പി.എം സുരേഷ്,എ.വി.മനോജ്,സണ്ണി മരക്കാവ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *