വൈത്തിരി : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിട്ട് രണ്ടു വര്‍ഷം.എന്നാല്‍ ഇതുവരെയും കേസ് എവിടെയുമെത്തിയില്ല എന്നതാണ് വാസ്തവം.2024 ഫെബ്രുവരി 18നാണ് പൂക്കോട് കാമ്പസിലെ ഹോസ്റ്റലില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ക്രൂരമായ റാഗിങ്ങിനും ആള്‍ക്കൂട്ട വിചാരണക്കുമൊടുവിലായിരുന്നു മരണം.
എസ്.എഫ്.ഐ നേതാക്കളായ 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് പ്രതികള്‍.ക്രൂരമായ റാഗിങ്ങിന് ഇരയായ സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്നും കേസുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും തുടക്കത്തില്‍ തന്നെ നശിപ്പിക്കപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
ഹൈകോടതിയില്‍ സര്‍വകലാശാല നിയമിച്ചിരുന്ന വക്കീല്‍ കൃത്യവിലോപം കാണിച്ചതിനാലും സമയബന്ധിതമായി രേഖകള്‍ ഹാജരാക്കാത്തതിനാലും ഹൈകോടതി സിംഗിള്‍ ബെഞ്ച് 19 പ്രതികള്‍ക്കും മണ്ണുത്തി കാമ്പസില്‍ പഠനം തുടരാന്‍ അനുവദിക്കുകയും പരീക്ഷ എഴുതുന്നതിനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു.ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ ഷീബ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തിയ ശേഷം പുറപ്പെടുവിച്ച ഉത്തരവില്‍ 19 വിദ്യാര്‍ഥികളെയും സര്‍വകലാശാലക്ക് പിന്നീട് പുറത്താക്കേണ്ടിവന്നത്.നിലവില്‍ കേസന്വേഷിക്കുന്ന സി.ബി.ഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ കോളജ് ഡീന്‍ ഡോ.എം.കെ. നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ.ആര്‍. കാന്തനാഥനെയും സര്‍വിസില്‍ തിരിച്ചെടുക്കുന്നതിന് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.
എന്നാല്‍,കുടുംബത്തിന്റെ പരാതിയില്‍ ഗവര്‍ണര്‍ തീരുമാനം റദ്ദാക്കുകയായിരുന്നു.കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്വേഷണ കമീഷന്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍,ഇരുവര്‍ക്കും തരംതാഴ്ത്തലും സ്ഥലംമാറ്റവും ഉള്‍പ്പെടെയുള്ള കുറഞ്ഞ ശിക്ഷ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടത്.നിലവില്‍ ഇവര്‍ക്ക് സര്‍വിസില്‍ പുനര്‍നിയമനം നല്‍കിയിട്ടുണ്ട്.
