വനിതാ പോലീസിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് അനുവദിക്കുക:കേരള പോലീസ് അസോസിയേഷൻ 39-ാം വയനാട് ജില്ലാ സമ്മേളനം

വനിതാ പോലീസിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് അനുവദിക്കുക:കേരള പോലീസ് അസോസിയേഷൻ 39-ാം വയനാട് ജില്ലാ സമ്മേളനം

കമ്പളക്കാട് : മാറിയ കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും കേസന്വേഷണവും ക്രമാതീതമായി വർദ്ധിച്ചുവരുന്ന കാലത്ത് വനിതാ പോലീസിന്റെ ജോലി വളരെയധികം പ്രസക്തമാണ്.വനിതാ പോലീസിന്റെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി പോലീസിൽ നിലവിലുള്ള അംഗ സംഖ്യ 20% ആക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്.
ഇതിനായി സിവിൽ പോലീസ് ഓഫീസർ/ പോലീസ് കോൺസ്റ്റബിൾ തസ്തികയിലെ നിലവിലുള്ള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും കണക്കാക്കുമ്പോൾ വരുന്ന ഓരോ 9 ഒഴിവുകളും ജില്ലയിലെ ഫീഡർ ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനും പത്താമത്തെ ഒഴിവ് സ്റ്റേറ്റ് വൈഡ് പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള വനിതാ പോലീസ് നിയമത്തിനും മാറ്റി വയ്ക്കണമെന്ന് സർക്കാർ ഉത്തരവ് ആയിട്ടുണ്ട്.അപ്രകാരം നിയമനാനുപാതം 9:1 ആയിരിക്കും.

നിലവിൽ വനിതാ പോലീസ് നിയമനം സംസ്ഥാന അടിസ്ഥാനത്തിലാണ് നടന്നുവരുന്നത്.ഇത് വയനാട് പോലുള്ള പിന്നോക്ക ജില്ലകളിലെ വനിതാ ഉദ്യോഗാർത്ഥികൾക്ക് മത്സരപരീക്ഷകളിലൂടെ മറ്റു ജില്ലകളിലെ ഉദ്യോഗ ഉദ്യോഗാർത്ഥികളെ മറികടന്ന് ലിസ്റ്റിൽ ഇടം പിടിക്കുന്നതിന് സാധിക്കാതെ വരുന്നുണ്ട്.ആയതിനാൽ തന്നെ 100 പേരുടെ നിയമനം നടക്കുമ്പോൾ വയനാട് ജില്ലയിൽ നിന്നും നാമമാത്രമായ ആളുകൾക്ക് മാത്രമാണ് നിയമനം ലഭിക്കാറുള്ളത്.കൂടാതെ വയനാട് ജില്ല പോലുള്ള സ്ഥലങ്ങളിലേക്ക് മറ്റു ജില്ലകളിൽ നിന്ന് ഓപ്ഷൻ നൽകാത്ത സാഹചര്യവും നിലവിലുണ്ട്.ഇത് ജില്ലയിലെ വനിതാ പോലീസിൽ അംഗസംഖ്യയിൽ വളരെയധികം കുറവ് വരുത്തുന്നുണ്ട്.ജില്ലയിൽ 117 വനിതാ സിപിഒ മാരുടെ തസ്തികയാണ് ഉള്ളത്. എന്നാൽ പകുതി പേർ മാത്രമാണ് നിലവിലുള്ളത്. ഇത് വനിതാ പോലീസിന്റെ ജോലിഭാരം വർദ്ധിപ്പിക്കുകയും വനിതാ പോലീസിന്റെ സേവനം യഥാസമയം സമൂഹത്തിന് ലഭ്യമാകാതെ വരുത്തുന്നതിനും ഇടവരുത്തുന്നുണ്ട്.മേൽ സാഹചര്യം മറികടക്കുന്നതിന് ജില്ലയിലെ വനിതാ പോലീസിന്റെ അംഗസംഖ്യ വർധിപ്പിച്ചേ മതിയാവൂ.
ഇതിനു പരിഹാരമായി വയനാട് പോലുള്ള ജില്ലകളിലേക്ക് നിലവിലുള്ള ഒഴിവുകൾ കണക്കാക്കി ജില്ലക്കായി പ്രത്യേകം പരീക്ഷ നടത്തി നിയമനം നൽകി ഒഴിവുകൾ നികത്തേണ്ടതും ജില്ലയിലെ സ്ഥിരതാമസക്കാരായ ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ പ്രത്യേക പരിഗണന നൽകേണ്ടതും ആണെന്ന് ഈ കേരള പോലീസ് അസോസിയേഷൻ 39 ആം വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കണിയാമ്പറ്റ മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം കേരള പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. കെ.പി.എ. ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ IPS മുഖ്യപ്രഭാഷണം നടത്തി. KPSOA ജില്ലാ സെക്രട്ടറി കെ.കെ. അബ്ദുൾ ഷെരീഫ്, KPA സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എൻ ഇന്ദു, KPOA ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. KPA സംസ്ഥാന ട്രഷറർ എം.എം.അജിത്ത് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് പ്രവർത്തനറിപ്പോർട്ടും ട്രഷറർ എം.ബി. ബിഗേഷ് വരവ് – ചെലവ് കണക്കും പി.ജി. രതീഷ് ഓഡിറ്റ് റിപ്പോർട്ടും കെ.എം.മുഹമ്മദ് ഷദീർ,എൻ.പി.അർഷദ എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. അജീഷ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ പി.എ. ഹാരിസ് നന്ദിയും പറഞ്ഞു.സി.വിനീഷ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
KPOA ജില്ലാ സെക്രട്ടറി പി.സി. സജീവ്,സംസ്ഥാന നിർവാഹക സമിതിയംഗം കെ.എം.ശശിധരൻ, സി.കെ.നൗഫൽ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *