തിരുവനന്തപുരം : ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്കരണം ആരംഭിക്കും. കാഷ്വാല്‍റ്റി,ലേബര്‍ റൂം,ഐസിയു,കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍,അടിയന്തര ശസ്ത്രക്രിയകള്‍,പോസ്റ്റ്മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും.ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.കാഷ്വാലിറ്റി,ലേബര്‍ റൂം,ഐസിയു, പോസ്റ്റ്മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തുന്നു.
രോഗികള്‍ക്ക് ആനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക,അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക,ശമ്പളപരിഷ്കരണ കുടിശ്ശിക നല്‍കുക,പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 2025 ജൂലായ് ഒന്നുമുതല്‍ ഡോക്ടര്‍മാര്‍ സമരരംഗത്തുള്ളത്.റിലേ ഒ.പി. ബഹിഷ്കരണം,അധ്യാപന ബഹിഷ്കരണം അടക്കം വിവിധ ഘട്ടങ്ങളില്‍ സമരങ്ങള്‍ നടത്തി. ആരോഗ്യമന്ത്രിയുമായി നവംബറില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.തുടര്‍ന്ന് ജനുവരിയില്‍ ധനമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
