ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസിലാന്റില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഇസ്ലാം പള്ളി ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ബ്രെന്റണ്‍ ടാരന്റിന്റെ വിചാരണ വേളയ്ക്കിടെ കോടതിയില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍. പള്ളി ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മൂന്ന് വയസുകാരന്റെ പിതാവ് കൊലയാളിയായ ബ്രെന്റണ്‍ ടാരന്റിനെ ദുഷ്ടന് എന്നാണ് വിശേഷിപ്പിച്ചത്. വിദ്വേഷവും ഭയവും വിതയ്ക്കാനുള്ള ലക്ഷ്യത്തില്‍ അതിക്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും പൊട്ടികരഞ്ഞുകൊണ്ട് മൂന്നു വയസുകാരന്റെ പിതാവ് പറഞ്ഞു. ക്രൈസ്റ്റ്ചര്‍ച്ച് കോടതിയില്‍ നാളെ ശിക്ഷ വിധിക്കുമ്ബോള്‍ ഓസ്ട്രേലിയന്‍ വൈറ്റ് മേധാവിത്വവാദിയായ ടാരന്റ് ന്യൂസിലാന്റില്‍ പരോള്‍ ലഭിക്കാതെ ജീവപര്യന്തം തടവില്‍ കഴിയുന്ന ആദ്യത്തെ വ്യക്തിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. "നിങ്ങള്‍ എന്റെ മകനെ കൊന്നു. അത് നിങ്ങള്‍ ന്യൂസിലാന്റിനെ മുഴുവന്‍ കൊന്നതുപോലെയാണ്. നിങ്ങളുടെ ക്രൂരതയും വിദ്വേഷവും നിങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ മാറിയില്ല. പകരം അത് ഞങ്ങളുടെ ക്രൈസ്റ്റ്ചര്‍ച്ച് സമൂഹത്തെ ഒന്നിപ്പിക്കുകയും ഞങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുള്ള ബഹുമാനം ഉയര്‍ത്തുകയും സമാധാനമുള്ള രാഷ്ട്രമായി ഇവിടം മാറുകയും ചെയ്തു"വെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. "നിങ്ങള്‍ ഒരു മനുഷ്യനല്ല, ഒരു മൃഗം പോലുമല്ല, കാരണം മൃഗങ്ങള്‍ ലോകത്തിന് പ്രയോജനകരമാണ്" അദ്ദേഹം പറഞ്ഞു. ടാരന്റിന്റെ ആക്രമണത്തില്‍ മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മൂന്ന് വയസുകാരനായ മുക്കാദ് ഇബ്രാഹിമിന്റെ പിതാവായ ഏഡന്‍ ദിരിയെയാണ് വികാരധീനനായി കോടതിയില്‍ പ്രതികരിച്ചത്. അടുത്ത ജന്മത്തില് യഥാര്‍ത്ഥ നീതി നിങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും അത് ജയിലിനെക്കാള്‍ കഠിനമാകുമെന്നും ടാരന്റിനോട് പറഞ്ഞു. നിങ്ങള്‍ ചെയ്തതിന് ഒരിക്കലും ക്ഷമ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരന് മുഹമ്മദ് കൊല്ലപ്പെട്ട ഹസ്മിന് മുഹമ്മദോസെന്‍ ടാരന്റിനെ "ഒരു പിശാചിന്റെ മകന്" എന്നാണ് കോടതിയില്‍ വിളിച്ചത്. കൊലപാതകം മുതല്‍ അദ്ദേഹത്തിന്റെ മാനസികാരോഗ്യം നഷ്ടപ്പെട്ടത് വരെയുള്ള കാര്യങ്ങള്‍ 14 വയസുള്ള മകന് സയാദ് കൊല്ലപ്പെട്ട ജോണ്‍ മില്‍നെ പറഞ്ഞു. തന്റെ ഹൃദയത്തില്‍ ഒരു വലിയ ദ്വാരമുണ്ട്, അത് താന്‍ സയാദിനെ വീണ്ടും സ്വര്‍ഗത്തില്‍ കണ്ടുമുട്ടുമ്ബോള്‍ മാത്രമേ സുഖപ്പെടുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച നമസ്ക്കാരത്തിന് എത്തിയവരില്‍ കഴിയാവുന്ന അത്രയും പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി ബ്രെന്റണ്‍ ടാരന്റ് വിചാരണ വേളയില്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ പള്ളികള്‍ കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി പ്രതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ടാരന്റ് കൂട്ടക്കൊല നടത്തിയത്. 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍, ഒരു ഭീകരവാദ കുറ്റം എന്നിവയാണ് പ്രതിക്കെതിരിരെ ചുമത്തിയിരിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി