• admin

  • February 10 , 2020

കൊച്ചി : രാജ്യത്തെമ്പാടുമായി തിരഞ്ഞെടുക്കപ്പെട്ട 25 മത്സ്യബന്ധന ഹാര്‍ബറുകളെ നവീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എംപിഇഡിഎ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍ കെ.കെ. ശ്രീനിവാസ് പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സമുദ്രോത്പന്ന മേളകളിലൊന്നായ 'ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോ' ന്റെ സമാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2500 കോടി രൂപയുടെ ഈ പദ്ധതി കൊച്ചിയില്‍ തോപ്പുംപടിയിലെയും ആന്ധ്രാപ്രദേശില്‍ നിസാമപട്ടണത്തെയും തുറമുഖങ്ങള്‍ ആധുനികരിച്ചാണു തുടക്കം കുറിക്കാനുദ്ദേശിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഏണ്‍സ്റ്റ് ആന്റ് യങ്ങിനെ കണ്‍സള്‍ട്ടന്റുമാരായി നിയോഗിച്ച് വിശദപദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കിവരികയാണെന്നും അടുത്തമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മൂന്നു ടെക്‌നിക്കല്‍ സെഷനുകളിലായി 'ഐഐഎസ്എസ് 2020'ല്‍ ആയിരത്തഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. ഇതില്‍ 50 പേര്‍ 12 വിദേശരാജ്യങ്ങളില്‍ നിന്നായിരുന്നു. സമാപനദിവസം പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചു. 7000 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദര്‍ശനവേദിയിലെ 350 സ്റ്റാളുകള്‍ അവരൊക്ക സന്ദര്‍ശിച്ചു. മൂല്യവര്‍ധനയ്ക്കായി ഓട്ടോമേറ്റഡും വിവരസാങ്കേതികവിദ്യാധിഷ്ഠിതവുമായ പ്രീ-പ്രോസസിംഗ്, പ്രോസസിംഗ്, സ്റ്റോറേജ് സാങ്കേതികവിദ്യകളുടെതായ ഉത്പന്നങ്ങളുടെ വിപുലമായ നിര പ്രദര്‍ശനത്തില്‍ അണിനിരന്നു. ലോജിസ്റ്റിക്‌സ്, സര്‍ട്ടിഫയിംഗ്/ ടെസ്റ്റിംഗ് മേഖലകളിലെ സേവനദാതാക്കള്‍ക്കും ഇത് അവസരങ്ങളുടെ വാതായനം തുറന്നുനല്‍കി. രോഗരഹിത ചെമ്മീന്‍ മുട്ടകള്‍ ഉറപ്പുവരുത്തുന്നതിനും രാജ്യാന്തര വിപണികളില്‍ അവയുടെ ഗുണനിലവാരത്തിന്റെ അധികാരികത തെളിയിക്കുന്നതിനും ഷഫാരി എന്ന അത്യാധുനിക ആന്റിബയോട്ടിക് ഫ്രീ സര്‍ട്ടിഫിക്കേഷന്‍ സോഫ്‌റ്റ്വെയര്‍ സമ്മേളനത്തില്‍ എംപിഇഡിഎ പുറത്തിറക്കിയിരുന്നു. ഹൈദരാബാദിലെ സിന്റിസണ്‍ ടെക്‌നോളജീസാണ് സോഫ്‌റ്റ്വെയര്‍ രൂപകല്‍പ്പന ചെയ്തത്.