• admin

  • March 3 , 2020

മുക്കം :

കിടപ്പിലായ രോഗികൾക്ക് സാന്ത്വനസ്പർശമായി മുക്കം നഗരസഭയുടെ പാലിയേറ്റീവ് കുടുംബ സംഗമം. വീടിന് പുറത്തിറങ്ങാൻ കഴിയാതിരുന്ന നൂറിലധികം രോഗികളും അവരുടെ ബന്ധുക്കളുമാണ് മണാശ്ശേരി ഗവ. യു.പി. സ്കൂൾ അങ്കണത്തിൽ നടന്ന പാലിയേറ്റീവ് കുടുംബസംഗമത്തിൽ പങ്കാളികളായത്. പാട്ടുപാടിയും കഥ പറഞ്ഞും കലാകാരന്മാർ രോഗികളുടെ നൊമ്പരങ്ങൾ മായ്ച്ചു. കിടപ്പിലായ രോഗികൾക്ക് കൈത്താങ്ങാവാൻ നാടുമുഴുവൻ മണാശ്ശേരിയിലേക്കൊഴുകിയെത്തിയിരുന്നു.

നഗരസഭയും സാമൂഹികാരോഗ്യ കേന്ദ്രവും ചേർന്നാണ് ‘സ്പർശം-20’ എന്ന പേരിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. മേജർ റിനൂബ്, സിനിമാ നടൻ കോഴിക്കോട് നാരായണൻ നായർ എന്നിവർ മുഖ്യാതിഥികളായി. ജീവിതത്തിൽ പ്രതിസന്ധികളും ദുരന്തങ്ങളുമുണ്ടാകുമ്പോൾ കീഴടങ്ങുകയല്ല, ദൃഢമായ മനസ്സോടെ നേരിടുകയാണ് വേണ്ടതെന്നും ഏത് രോഗത്തെയും മനക്കരുത്തുകൊണ്ട് നേരിടാൻ കഴിയണമെന്നും റിനൂബ് അഭിപ്രായപ്പെട്ടു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ അധ്യക്ഷനായി. മുക്കം സി.എച്ച്.സി.യിലെ അസി. മെഡിക്കൽ ഓഫീസർ ഡോ. സി.കെ. ഷാജി നഗരസഭയുടെ പാലിയേറ്റീവ് കെയറിലേക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകി.

പരിചയം പുതുക്കിയും അനുഭവങ്ങൾ പങ്കുവെച്ചും ഒരു പകൽ അവർ സ്കൂളിൽ ചെലവഴിച്ചു. ഗാനമേള, ബിജേഷ് ചേളാരിയും ഷിനൂബ് കൊടുവള്ളിയും ചേർന്നവതരിപ്പിച്ച കോമഡി ഷോ, യു.പി. അബ്ദുൽ നാസർ, യു. പി. മുഹമ്മദ് എന്നിവരുടെ മാജിക് ഷോ, മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ കുട്ടികൾ അവതരിപ്പിച്ച നാടൻപാട്ട് തുടങ്ങിയ വിനോദപരിപാടികളുമുണ്ടായി.

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനാണ് സദ്യയൊരുക്കിയത്. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെയും നഗരസഭയിലെയും ജീവനക്കാരും ആശാ പ്രവർത്തകരും കടവ് കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി വൊളന്റിയർമാരും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാമ്പറ്റ അംഗങ്ങളും രോഗികൾക്ക് പരിചരണവുമായി ഒപ്പം നിന്നു.

മുക്കം ഹിറ സ്കൂളിന്റെയും സെയ്ന്റ് ജോസഫ്സ്‌ ആശുപത്രിയുടെയും കടവ് കൂട്ടായ്മയുടെയും വാഹനങ്ങളിലാണ് രോഗികളെ കുടുംബസംഗമ വേദിയിൽ എത്തിച്ചതും തിരിച്ചയച്ചതും. അരിയും നിത്യോപയോഗ സാധനങ്ങളും അടങ്ങിയ സമ്മാനപ്പൊതികളുമായാണ് കിടപ്പു രോഗികൾ തിരിച്ചുപോയത്. ഒമ്പത് വർഷത്തിലധികമായി മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന പാലിയേറ്റീവ് ക്ലിനിക്കിലൂടെ ഇരുനൂറിലധികം കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്നുണ്ട്.