• Lisha Mary

  • April 1 , 2020

മലപ്പുറം : കോവിഡ് 19 വൈറസ് ഭീഷണി ചെറുക്കാന്‍ രാജ്യ വ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തി സാമൂഹിക അടുക്കളകള്‍. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 109 സാമൂഹിക അടുക്കളകളില്‍ നിന്നായി ഇന്നലെ (മാര്‍ച്ച് 31) 2,750 പേര്‍ക്ക് പ്രാതലും 40,555 പേര്‍ക്ക് ഉച്ചഭക്ഷണവും 13,614 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തുകളില്‍ 1,941 പേര്‍ക്ക് പ്രാതലും 32,053 പേര്‍ക്ക് ഉച്ചഭക്ഷണവും 12,707 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ പ്രാതല്‍ 809 പേര്‍ക്കും ഉച്ചഭക്ഷണം 8,502 പേര്‍ക്കും 907 പേര്‍ക്ക് അത്താഴവും നല്‍കി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത് പെന്‍ഷന്‍ വാങ്ങാന്‍ ഒരുമിച്ച് എത്തരുത്; മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: കലക്ടര്‍ കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ വാങ്ങാന്‍ മുതിര്‍ന്ന പൗരന്മാര്‍ ട്രഷറികളില്‍ ഒരുമിച്ചെത്തരുതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമ്പോള്‍ സാമൂഹിക അകലം പാലിച്ച് മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. അത്യാവശ്യക്കാരല്ലാത്തവര്‍ ഏപ്രില്‍ 15നു ശേഷം പെന്‍ഷന്‍ കൈപറ്റാന്‍ തയ്യാറാകണം. ട്രഷറികളില്‍ നേരിട്ടു പോകാതെ സഹായികളെ ഉപയോഗിച്ച് ചെക്കു നല്‍കിയും പെന്‍ഷന്‍ കൈപറ്റാവുന്നതാണ്. ഇങ്ങനെ സഹായികളെ ചുമതലപ്പെടുത്തുമ്പോള്‍ മതിയായ യാത്ര രേഖ അവര്‍ കൈവശം കരുതണം. ട്രഷറികളില്‍ നേരിട്ടെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഒരേ സമയം അഞ്ചിലധികം പേര്‍ ട്രഷറികള്‍ക്കകത്ത് പ്രവേശിക്കാതിരിക്കുകയും വേണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മലപ്പുറം ജില്ലയിലേക്കുള്ള ചരക്കു നീക്കത്തിന് തടസ്സമില്ല രാജ്യ വ്യാപകമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ജില്ലയിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് തടസ്സങ്ങളില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും ആവശ്യമായ നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യ വസ്തുക്കളും ജില്ലയിലേക്ക് എത്തുന്നുണ്ട്. പാസ് വ്യവസ്ഥകള്‍ ലഘൂകരിച്ചതോടെ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിന്നു ചരക്കെടുക്കാന്‍ പോകുന്ന 98 വാഹനങ്ങള്‍ക്ക് ഇന്നലെ (മാര്‍ച്ച് 31) പാസ് അനുവദിച്ചു. വഴിക്കടവ് ചെക്പോസ്റ്റ് വഴി ഇന്നലെ 22 വീതം വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ച് ജില്ലയിലേക്കും ചരക്കു ഗതാഗതം നടത്തി.