• admin

  • February 11 , 2020

കുറവിലങ്ങാട് : ദേവമാതാ കോളേജിലെ 100 എന്‍എസ്എസ് വളണ്ടിയര്‍ 200 മിനിറ്റുകള്‍ക്കുള്ളില്‍ 300 വീടുകളില്‍ നിന്നും ശേഖരിച്ചത് 340 കിലോ ഇ-മാലിന്യം. ലെഡ്, ആര്‍സെനിക്, മെര്‍ക്കുറി, കാഡ്മിയം എന്നിവ അടങ്ങിയ ഇ മാലിന്യങ്ങളാണ് ശേഖരിച്ചത്. കുറവിലങ്ങാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡാണ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഇ- മാലിന്യ മുക്തമാക്കിയത്. ജലം,മണ്ണ്, വായു എന്നിവയുടെ മലിനീകരണത്തിന് ഇ -മാലിന്യം കാരണമാകും. ഉപയോഗയോഗ്യമല്ലാത്ത മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടര്‍ ഭാഗങ്ങള്‍, യുപിഎസ്, ടിവി, ക്ലോക്കുകള്‍, വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേബിളുകള്‍, ഫിലമെന്റ് ബള്‍ബുകള്‍, ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, ഡിവിഡി, എംപി 3 പ്ലെയറുകള്‍ ഉള്‍പ്പെടെ നിരവധി മാലിന്യങ്ങളാണ് ശേഖരിച്ചത്. അഞ്ചു പേര്‍ വീതമുള്ള 20 ടീമുകള്‍ വാര്‍ഡിലെ മുന്നൂറിലധികം വീടുകളില്‍ നേരിട്ടെത്തി മാലിന്യം ശേഖരിച്ചു. മൂന്നു മണിക്കൂര്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ ദൗത്യം പൂര്‍ത്തിയാക്കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആല്‍ഫിന്‍ ചാക്കോ, പ്രസീത മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.