• admin

  • February 22 , 2020

തിരുവനന്തപുരം :

സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് അടുത്ത മാസം ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. എട്ടിനു ചേരാനിരുന്ന യോഗമാണ് അനിശ്ചിതമായി നീട്ടിയത്. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ മാത്രം ഇനി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നാണ് അറിയുന്നത്. 

കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വൈസ് പ്രസിഡന്റ് കെ സുധാകരന്‍ എംപി, കെ മുരളീധരന്‍ എംപി, വി.ഡി സതീശന്‍ എന്നിവര്‍ ശക്തമായ വിമര്‍ശനമാണ് മുല്ലപ്പള്ളിക്കെതിരെ ഉയര്‍ത്തിയത്. ഒന്നര വര്‍ഷമായിട്ടും കെപിസിസി പ്രസിഡന്റിന്റെ കോള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടില്ലെന്നായിരുന്നു സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തിയത്. സുധാകരന്‍ തന്നെ ഒരിക്കല്‍പ്പോലും വന്നുകണ്ടില്ലെന്ന് മുല്ലപ്പള്ളി മറുപടി പറഞ്ഞത് തര്‍ക്കത്തിനും വഴിവച്ചു. 

അടുത്തമാസം എട്ടിന് വീണ്ടും യോഗം ചേരാമെന്ന ധാരണയിലാണ് കഴിഞ്ഞ യോഗം പിരിഞ്ഞത്. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. യോഗത്തില്‍ ഉണ്ടാകാത്ത കാര്യങ്ങള്‍ വരെ തനിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നെന്നും പാര്‍ട്ടിയിലെ ചിലരാണ് ഇതിനു പിന്നിലെന്നുമാണ് മുല്ലപ്പള്ളിയുടെ ആക്ഷേപം. എകെ ആന്റണിയെയും കെസി വേണുഗോപാലിനെയും മുല്ലപ്പള്ളി കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

തെന്നല ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷം ഉള്ളതുകൊണ്ടും തൊട്ടടുത്തദിവസം പൊങ്കാല ആയതുകൊണ്ടുമാണ് യോഗം മാറ്റിയതെന്നാണ് കെപിസിസിയുടെ ഔദ്യോഗിക വിശദീകരണം.