• admin

  • January 4 , 2020

കോഴിക്കോട് : കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഐസോള്‍ എഫ്.സി.ക്കെതിരേ നിര്‍ണായക പോരാട്ടത്തിനൊരുങ്ങി ഗോകുലം കേരള. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് 7.15 മുതലാണ് മത്സരം. ഡ്യൂറന്റ് കപ്പ് വിജയത്തിനുശേഷം ഐ ലീഗില്‍ കിരീടപ്രതീക്ഷയുമായിറങ്ങിയ ഗോകുലം ആദ്യ രണ്ടുകളികളിലും വിജയം നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങി (2-1). തോല്‍വി മറന്നുകഴിഞ്ഞെന്നും പിഴവുകള്‍ തിരുത്തി ടീം സജ്ജമായെന്നും പരിശീലകന്‍ ഫെര്‍ണാണ്ടൊ സാന്റിയാഗൊ വരേല പറഞ്ഞു. മുന്നേറ്റനിരയില്‍ മാര്‍കസ് ജോസഫ്, ഹെന്റി കിസീക്ക കൂട്ടുകെട്ട് ഗോകുലത്തിന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നു. വിലക്കുകഴിഞ്ഞ് പ്രതിരോധ നിരക്കാരന്‍ ആന്ദ്രെ എറ്റിനി തിരിച്ചെത്തിയത് ആതിഥേയരുടെ പ്രതിരോധക്കരുത്ത് കൂട്ടും. ഗോളുകള്‍ നേടുന്നുണ്ടെങ്കിലും ദുര്‍ബലമായ പ്രതിരോധമാണ് ഐസോള്‍ കോച്ച് സ്റ്റാന്‍ലി റൊസാരിയോക്ക് തലവേദനയാവുന്നത്. എന്നാല്‍, എവേ മത്സരത്തിലും വിജയം ലക്ഷ്യമിട്ട് ആക്രമിച്ച് കളിക്കുമെന്ന് റൊസാരിയോ വ്യക്തമാക്കി. അഞ്ചു കളികളില്‍ ഒരു വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ആറു പോയന്റുള്ള ഐസോള്‍ പട്ടികയില്‍ ആറാമതാണ്. മൂന്നു കളികളില്‍ രണ്ടു ജയവും ഒരു തോല്‍വിയുമുള്ള ഗോകുലം ആറു പോയന്റോടെ അഞ്ചാമതുമാണ്.