• admin

  • January 4 , 2020

മുംബൈ : മുംബൈ : മഹാരാഷ്ട്രയിലെ മഹാ അഖാഡി സഖ്യത്തിലെ വിള്ളല്‍ പരസ്യമാക്കി ശിവസേനയിലെ ഏക മുസ്ലിം എംഎല്‍എ അബ്ദുള്‍ സത്താര്‍ മന്ത്രിസ്ഥാനം രാജിവെച്ചു. സഹമന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ആദ്യ തവണ ജയിച്ച ആദിത്യ താക്കറെയ്ക്ക് അടക്കം ക്യാബിനറ്റ് റാങ്ക് നല്‍കിയപ്പോള്‍, മുതിര്‍ന്ന അംഗമായ സത്താറിന് സഹമന്ത്രിസ്ഥാനമാണ് നല്‍കിയത്. ഔറംഗബാദിലെ സില്ലോദില്‍ നിന്നുള്ള എംഎല്‍എയായ അബ്ദുള്‍ സത്താര്‍ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്ക് അയച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അബ്ദുള്‍ സത്താറിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതായാണ് സൂചന. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അബ്ദുള്‍ സത്താറെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അബ്ദുള്‍ സത്താര്‍ രാജിവെച്ചെന്ന വാര്‍ത്ത ശിവസേന നേതാക്കള്‍ തള്ളിക്കളഞ്ഞു. ആ വാര്‍ത്ത ശരിയല്ല. പാര്‍ട്ടിയിലെ ആരും രാജിവെച്ചിട്ടില്ല. രാജി വാര്‍ത്ത ഭാവനാസൃഷ്ടി മാത്രമാണെന്നും ശിവസേനയുടെ രാജ്യസഭ എംപി അനില്‍ ദേശായി പറഞ്ഞു. രാജിവാര്‍ത്ത അബ്ദുള്‍ സത്താറിന്റെ മകന്‍ സമീര്‍ നബിയും നിഷേധിച്ചിട്ടുണ്ട്. ഡിസംബര്‍ 30നാണ് അബ്ദുള്‍ സത്താര്‍ അടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വികസിപ്പിച്ചത്. സില്ലോദ് നിയോജക മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലെത്തിയ അബ്ദുള്‍ സത്താര്‍ 2014ല്‍ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട അദ്ദേഹം ശിവസേനയില്‍ ചേരുകയായിരുന്നു. നേരത്തെ അബ്ദുള്‍ സത്താറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് അബ്ദുള്‍ സത്താറെന്നും ബാല്‍ താക്കറെ ഇക്കാര്യം പറഞ്ഞതാണെന്നും ബിജെപി ആരോപിച്ചിരുന്നു. അതിനിടെ വകുപ്പ് വിഭജനം പൂര്‍ത്തിയാകാത്തതും സഖ്യത്തില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് പാര്‍ട്ടികള്‍ക്കിടയില്‍ ഏകദേശ ധാരണയായതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വകുപ്പുകള്‍ വിഭജിച്ച് നല്‍കി വിജ്ഞാപനം വന്നിട്ടില്ല. ആഭ്യന്തര വകുപ്പ് വേണമെന്ന അജിത് പവാറിന്റെ ആവശ്യം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തള്ളി. ധനകാര്യമാണ് അജിത് പവാറിന് ലഭിക്കുക. എന്‍സിപിയിലെ മുതിര്‍ന്ന നേതാവ് സുനില്‍ ദേശ്മുഖിനായിരിക്കും ആഭ്യന്തര വകുപ്പ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റവന്യൂ വകുപ്പ് കോണ്‍ഗ്രസിന് ലഭിക്കും. മുന്നണിയിലെ പ്രശ്നം കൊണ്ടല്ല വകുപ്പ് വിഭജനം വൈകുന്നതെന്നും, പുതുതായി ചില വകുപ്പുകള്‍ രൂപീകരിക്കേണ്ടതിന്റെ കാലതാമസമാണ് കാരണമെന്നും എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.