• Lisha Mary

  • March 31 , 2020

തിരുവനന്തപുരം : കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷന്‍. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുവന്നത്. കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നത്. നടീല്‍ വസ്തുക്കള്‍ സ്വന്തമായി സമാഹരിക്കുന്നതിനോടൊപ്പം കൃഷി ഭവന്‍, മറ്റ് ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം. താല്‍പ്പര്യമുള്ളവര്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെട്ടാല്‍ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വാട്സാപ്പിലൂടെ നല്‍കും. പോഷക സമൃദ്ധമായ ഇല-പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാനുതകുന്ന മൈക്രോ ഗ്രീന്‍ കൃഷിരീതിയ്ക്കും പ്രോത്സാഹനവും നിര്‍ദ്ദേശവും നല്‍കുന്നുണ്ട്.