• admin

  • September 18 , 2021

മാനന്തവാടി : സംസ്ഥാന സർക്കാറിൻ്റെ നൂറ്ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച പതിനായിരം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭ തലത്തിലും ഗൃഹപ്രവേശനവും പ്രഖ്യാപന ചടങ്ങും സംഘടിപ്പിച്ചു. നഗരസഭയിലെ മുദ്രമൂല പത്താം ഡിവിഷനിൽ ജനീഷ് കെ.വി യുടെ വീട്ടിൽ വച്ച് ഗൃഹനാഥ ഉഷ പുത്തൻപുരയിലും നഗരസഭ ചെയർപേഴ്സൺ സികെ രത്നവല്ലിയും പാലു കാച്ചി കൊണ്ട് ചടങ്ങിന് തുടക്കം കുറിച്ചു. സർക്കാരിൻ്റെ 100 ദിന പരിപാടിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ പണി പൂർത്തീകരിച്ച 200 വീടുകളുടെ പ്രഖ്യാപനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി നടത്തി. പി എം എ വൈ -ലൈഫ്മിഷൻ ഒന്ന് രണ്ട് ഘട്ടങ്ങളിലായി മാനന്തവാടി നഗരസഭയിൽ 1781 വീടുകളാണ് അനുവദിക്കപ്പെട്ടത്. ഇതിൽ 1375 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. ശേഷിക്കുന്ന വീടുകളുടെ നിർമ്മാണം വിവിധ സ്റ്റേജുകളിലായി നടന്നു കൊണ്ടിരിക്കുന്നു. പദ്ധതി നടത്തിപ്പിൻ്റെ ഭാഗമായി 56 കോടി രൂപ ഇതുവരെയായി നഗരസഭ ചിലവഴിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക വിഹിതത്തിനു പുറമെ നഗരസഭ വിഹിതമായ 30 കോടിയിൽ 20 കോടി രൂപ ഹഡ്കോയിൽ നിന്നും ലോൺ എടുത്തു കൊണ്ടാണ് പദ്ധതി മൂന്നാട്ട് കൊണ്ടു പോവുന്നത്. യോഗത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മാർഗരറ്റ് തോമസ്, ജോർജ് പി വി , സീമന്തിനി സുരേഷ്, വിപിൻ വേണുഗോപാൽ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ , അശോകൻ കൊയിലേരി , ഷംസുദ്ദീൻ, റ്റിജി ജോൺസൺ, ലേഖ രാജീവൻ, ഷീജ മോമ്പി, ഷൈനി ജോൺസൺ എന്നിവരും നഗരസഭ ഉദ്യോഗസ്ഥൻമാരായ സജി (സെക്രട്ടറി ഇൻ ചാർജ്ജ്) ഷമീർ എന്നിവർ പങ്കെടുത്തു. ഡിവിഷൻ കൗൺസിലർ സമിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു . പൂതാടി ഗ്രാമപഞ്ചായത്ത്‌ ലൈഫ് ഭവന പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച തൂത്തിലേരി കോളനിയിലെ ശോഭ ചന്ദ്രന്റെ ഗൃഹ പ്രവേശന താക്കോൽദാന ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മേഴ്‌സി ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. എസ്. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഒ. കെ. ലാലു, വി ഇ ഒമാർ, എസ് ടി പ്രമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്‌ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച ഉസ്മാൻ, വൈശ്യൻ എന്നിവരുടെഗൃഹപ്രവേശന താക്കോൽ ദാന ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ബാലൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി യു സജി, റഷീദ് വാഴയിൽ, വി.ഇ.ഒ. പി. സി.അർഷിത തുടങ്ങിയവർ പങ്കെടുത്തു.