• admin

  • July 1 , 2020

തിരുവനന്തപുരം : ഇന്നു മുതല്‍ അണ്‍ലോക്ക് ഡൗണിന് തുടക്കം. സ്കൂളും കോളേജുകളും ബാറുകളും സിനിമാ തീയേറ്ററുകളുമൊക്കെ ഈ ഘട്ടത്തിലും അടഞ്ഞുതന്നെ കിടക്കും. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്ര, മെട്രോ റെയില്‍ എന്നിവയ്ക്കും നിരോധനമുണ്ട്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിശീലനകേന്ദ്രങ്ങള്‍ ജൂലായ് 15 മുതല്‍ തുറക്കുന്നതാണ്. ഇതിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അടുത്തുതന്നെ ഇറങ്ങും. ജിം, ബാര്‍, നീന്തല്‍ക്കുളങ്ങള്‍,ഓഡിറ്റോറിയങ്ങള്‍ എന്നിവയും അടഞ്ഞുതന്നെ കിടക്കുന്നതാണ്. ഇതിനൊപ്പം മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങള്‍, വലിയ കൂട്ടംചേരലുകള്‍ എന്നിവയ്ക്കും അനുവാദമില്ല. കേന്ദ്രത്തിന്റെ തീരുമാന പ്രകാരം മാത്രമായിരിക്കും ഇവ അനുവദിക്കുക. 65 വയസിന് മുകളിലുള്ളവര്‍, പത്തുവയസിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവര്‍ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. രാത്രികാല കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ തുടരുന്നതാണ്.എന്നാല്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. ആവശ്യമെങ്കില്‍ കര്‍ഫ്യൂ നടപ്പാക്കാന്‍ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കമുള്ള നിയമനടപടികള്‍ ബന്ധപ്പെട്ടവര്‍ക്ക് സ്വീകരിക്കാം. അന്തര്‍സംസ്ഥാനയാത്രയ്ക്ക് പാസോ പെര്‍മിറ്റോ ആവശ്യമില്ലെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരുന്നു. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ജൂലായ് 31വരെ കര്‍ശനമായി തുടരാനാണ് തീരുമാനം. ആവശ്യമെങ്കില്‍ ഈ പ്രദേശങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ കളക്ടര്‍മാര്‍ക്ക് സ്വീകരിക്കാവുന്നതാണ്.