• admin

  • February 28 , 2020

: പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം കൊല്ലം : കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ മരിച്ച ആറുവയസ്സുകാരി ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക നിഗമനം. കുട്ടി മുങ്ങിമരിച്ചതാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതായാണ് സൂചന. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ കൂടി ഫലം ലഭിച്ചശേഷമാകും അന്തിമ റിപ്പോര്‍ട്ട് പൊലീസിന് നല്‍കുക. ചെളിയും വെള്ളവും ശ്വാസകോശത്തിലും വയറ്റിലും കണ്ടെത്തി. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താവുന്ന ഒന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ലെന്നാണ് പൊലീസിനെ വാക്കാല്‍ അറിയിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ഭാഗത്തുനിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.