• admin

  • February 28 , 2020

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 14,804 വീടുകള്‍. കേരളത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം ലഭിച്ചിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുകയും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി പല പ്രമുഖ ബ്രാന്‍ഡുകളുമായി കൈകോര്‍ത്ത് കുറഞ്ഞ നിരക്കില്‍ വീട് നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളും ലൈഫ് മിഷന്‍ കൈക്കൊണ്ടിരുന്നു. 20 മുതല്‍ 60 ശതമാനം വരെ വിലകുറച്ചാണ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, പെയിന്റ്, സാനിറ്ററി ഉപകരണങ്ങള്‍, സിമെന്റ്, വാട്ടര്‍ ടാങ്ക് തുടങ്ങിയവ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കിയത്. കൂടാതെ തൊഴിലുറപ്പ് ദിനങ്ങളില്‍ 90 ദിവസം വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കാനുള്ള വ്യവസ്ഥയും സാധ്യമാക്കിയിരുന്നു. ലൈഫ് പദ്ധതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും എന്നാല്‍ വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഭവനമില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.