• admin

  • January 22 , 2020

കൊച്ചി : വിദ്യാര്‍ത്ഥികളിലെ നൂതനാശയങ്ങളെ ഉത്പന്നത്തിന്റെ രൂപത്തിലേക്ക് കൊണ്ടു വരുന്നതില്‍ സഹായിക്കാനായി ബഹുരാഷ്ട്ര കമ്പനിയായ സ്റ്റിയാഗ് സെന്റര്‍ ഫോര്‍ സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ (ആര്‍ഇസിടി)തുടങ്ങുന്നു. വെള്ളിയാഴ്ച ആര്‍ഇസിടി-യില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ വാള്‍ട്ടര്‍ ജെ ലിന്‍ഡര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ത്രിഡി പ്രിന്റര്‍, സിഎന്‍സി റൗട്ടറുകള്‍, ലേസര്‍ കട്ടറുകള്‍ തുടങ്ങിയ അത്യാധുനിക ഉപകരങ്ങള്‍ അടങ്ങുന്ന സ്റ്റിയാഗ് കേന്ദ്രത്തിന് 4000 ചതുരശ്ര അടി വലുപ്പമുണ്ട്. ജര്‍മനിയില്‍ 1937 ല്‍ സ്ഥാപിതമായ സ്റ്റിയഗ് എനര്‍ജി സര്‍വീസസ് ജിഎംബിഎച് ഊര്‍ജ്ജോത്പാദനം, പ്രസരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. കല്‍ക്കരി, കാറ്റ്, സൗരോര്‍ജം, ബയോഗ്യാസ്, ഖനി വാതകം, ജിയോ തെര്‍മല്‍ പ്ലാന്റ് എന്നീ മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 11,000 മെഗാവാട്ട് വൈദ്യുതിയാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. 90 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സംവിധാനവും കമ്പനിയ്ക്കുണ്ട്. നിലവില്‍ ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ നിന്നുള്ള ഊര്‍ജോത്പാദനവുമായി ബന്ധപ്പെട്ട് സ്റ്റിയഗ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ജര്‍മ്മനിയുടെ വിവിധ സഹകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. കൊച്ചി മെട്രോയടക്കമുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതികളുമായി ജര്‍മ്മന്‍ സഹകരണം നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്രോന്‍ഹോഫര്‍ കൊച്ചിയില്‍ ഇനോവേഷന്‍ ഹബ് സ്ഥാപിച്ചിരുന്നു. രാജഗിരി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായുള്ള ഏത് കൂട്ടായ്മയ്ക്കും സ്റ്റിയഗ് കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഊര്‍ജ്ജം, ഗതാഗതം, പുനരുപയോഗം, തുടങ്ങി സ്മാര്‍ട്ട്‌സിറ്റികള്‍ക്കാവശ്യമായ മേഖലകളിലുള്ള പ്രോജക്ടുകള്‍ക്കാണ് സഹായം ലഭിക്കുന്നത്. കൊച്ചി എണ്ണശുദ്ധീകരണ ശാല, എഫ്എസിടി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി മെട്രോ, കൊച്ചി വാട്ടര്‍ മെട്രോ, കൊച്ചി എയര്‍പോര്‍ട്ട്, കൊച്ചി സ്മാര്‍ട്ട്‌സിറ്റി മിഷന്‍, ഫ്രോന്‍ഹോഫര്‍ ഇനോവേഷന്‍ ഹബ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍ വില്ലേജ്, ഫാബ് ലാബ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളും സംരംഭങ്ങളുമായി ചേര്‍ന്ന് ഈ കേന്ദ്രം പ്രവര്‍ത്തിക്കും. രാജഗിരി കോളേജിലെ നാലായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുതല്‍കൂട്ടാവുന്ന സംവിധാനമാകുമിത്. ജര്‍മനിയിലെ സര്‍വകലാശാലകളുമായുള്ള സംയുക്ത സഹകരണ പരിപാടികളും ഇന്‍ഡോ-ജര്‍മ്മന്‍ ഉച്ചകോടികള്‍ക്കും രാജഗിരി കോളേജ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. സ്റ്റിയാഗ് സെന്റര്‍ ഫോര്‍ സ്മാര്‍ട്ട് സിറ്റി ടെക്‌നോളജീസിലേക്ക് 2021 ആകുമ്പോഴേക്കും ജര്‍മന്‍ വിദ്യാര്‍ത്ഥികളെക്കൂടി പങ്കാളികളാക്കാനും പദ്ധതിയുണ്ട്.