• admin

  • January 7 , 2020

: കോശങ്ങള്‍ നിര്‍മ്മിക്കുകയും കേടുവന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനു വിപരീതമായി ശരീരത്തിനാവശ്യമില്ലാത്ത കോശങ്ങള്‍ ഉത്പാദിപ്പിക്കുകയും ഇതിന്റെ വളര്‍ച്ചയെയുമാണ് ട്യൂമര്‍ അഥവാ മുഴ എന്നു പറയുന്നത്. തലയിലെ അസാധാരണമായ കോശങ്ങളുടെ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍ അഥവാ തലയിലെ മുഴ. പക്ഷേ എല്ലാ മുഴയും കാന്‍സര്‍ അല്ല. തലയിലെ മുഴ രണ്ടായി തിരിക്കാം. മാരകമല്ലാത്തതും മാരകമായതും അതായത് ക്യാന്‍സര്‍ അല്ലാത്തവയും ക്യാന്‍സര്‍ ആയവയും. ക്യാന്‍സര്‍ ആവാത്ത മുഴകള്‍ നീക്കം ചെയ്തതിനു ശേഷം പിന്നീട് ഉണ്ടാകുന്നതല്ല. എന്നാല്‍ ക്യാന്‍സര്‍ ആയ മുഴകള്‍ പെട്ടെന്ന് തന്നെ മറ്റു ശരീരഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുകയും ചികില്‍സിച്ചു ഭേദമാക്കിയതിനു ശേഷം വീണ്ടും വരാന്‍ സാധ്യത കൂടുതലുള്ളതുമാണ്. നിര്‍ഭാഗ്യവശാല്‍ രണ്ടു മുഴകളും ജീവനെ അപായപ്പെടുത്തുന്നവയാണ്. ഏകദേശം 130 ഓളം ബ്രെയിന്‍ ട്യൂമറുകള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. മുഴയുടെ വലുപ്പം, അത് സ്ഥിതി ചെയ്യന്നത്, അത് മാരകമാണോ അല്ലയോ എന്നൊക്കെ നോക്കിയാണ് ഓരോ ക്യാന്‍സറിന്റെയും ചികിത്സാരീതി നിശ്ചയിക്കുന്നത്. എങ്ങനെ നിര്‍ണയിക്കാം ഡോക്ടര്‍ രോഗം കണ്ടെത്തിയാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ചില ടെസ്റ്റുകള്‍ക്ക് വിധേയമാകേണ്ടി വരും. ശരീരത്തിന്റെ സമതുലനാവസ്ഥ, ഇന്ദ്രിയങ്ങളുടെ സ്വഭാവം, എന്നിങ്ങനെയാണ് ഇതിന്റെ ആദ്യത്തെ ടെസ്റ്റ്. ഇതിന്റെ കൂടെ സ്പര്‍ശനം അറിയുന്നുണ്ടോ എന്നു തിരിച്ചറിയാന്‍ സൂചിമുന കൊണ്ടുള്ള കുത്താണ് ഇതിന്റെ അടിസ്ഥാന ടെസ്റ്റ്. തല, നട്ടെല്ല്, നെഞ്ച്, ഇവയുടെ എക്സ്റേ, എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍ ഇവ തലയുടെ മുഴുവന്‍ ഭാഗവും കാണാം. നട്ടെല്ലില്‍ നിന്ന് കുത്തിയെടുക്കുന്ന ദ്രാവകത്തില്‍ നിന്ന് നട്ടെല്ലിലെ ക്യാന്‍സര്‍ കണ്ടുപിടിക്കാം. ട്യൂമര്‍ കണ്ടു പിടിച്ചു അതിനെ നീക്കം ചെയ്തതിനു ശേഷം അത് മാരകമാണോ അല്ലയോ എന്നറിയാന്‍ ഡോക്ടര്‍ അതിനെ ബിയോപ്സി ടെസ്റ്റിന് വിധേയമാക്കും. ബ്രെയിന്‍ ട്യൂമര്‍ അതിന്റെ വലുപ്പം, ഘട്ടം, എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കുന്നു. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി, പ്രോട്ടോണ്‍ തെറാപ്പി എന്നിവയാണ് ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള വഴികള്‍. ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന ലക്ഷണങ്ങള്‍ ബ്രെയിന്‍ ട്യൂമര്‍ മൂലം സ്ഥിരമായി നില്‍ക്കുന്ന ചെറിയ തലവേദന ഉണ്ടാകും. ചില സമയത്ത് ഇത് നാഡിമിടിപ്പ് കൂടുന്നതിനും കാരണമാകും. എന്നാല്‍ കഠിനമായ വേദന സാധാരണമല്ല. ചുമ, തുമ്മല്‍ എന്നിവ ഉണ്ടാകുമ്പോഴും കഠിനമായ ശാരീരിക അധ്വാനം ചെയ്യുമ്പോഴും തലവേദന കഠിനമാകും. ഇവയെല്ലാം തലച്ചോറിലെ പ്രഷര്‍ ഉയര്‍ത്തുന്നതാണ്. തലവേദന രാത്രിയില്‍ കലശലാവുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.പ്രഷര്‍ വര്‍ദ്ധിക്കുമ്പോള്‍ മനം മറിയുകയും പ്രഭാതത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. പെട്ടന്ന് ശാരീരിക നില മാറുമ്പോഴും പ്രശ്നം വഷളാവും. ഉദാഹരണത്തിന് കിടക്കുകയോ, ഇരിക്കുകയോ ചെയ്തിട്ട് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇത് അനുഭവപ്പെടും. മറ്റൊരു ലക്ഷണമാണ് ഉറക്കം തൂങ്ങല്‍. തലയോട്ടിയിലെ പ്രഷര്‍ വര്‍ദ്ധിക്കുമ്പോഴാണ് ഇത് സംഭവിക്കുക. കൂടുതലായി ഉറക്കം ഉണ്ടാകുമ്പോഴും പകല്‍ സാധാരണമല്ലാതെ ഉറക്കം തൂങ്ങല്‍ വരുമ്പോഴും സ്വാഭാവികം അല്ലെന്ന് മനസിലാക്കാം. തലയോട്ടിയില്‍ പ്രഷര്‍ കൂടുമ്പോള്‍ കാഴ്ചക്ക് മങ്ങല്‍, ടണല്‍ വിഷന്‍, രൂപങ്ങള്‍ ഒഴുകി നടക്കുന്നത് പോലുള്ള കാഴ്ച തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത് ആശയക്കുഴപ്പവും ബാലന്‍സ് നഷ്ടപ്പെടാനും ഇടയാക്കും. അകാരണമായ ഭയം, അപരിചിത ഗന്ധങ്ങള്‍ അനുഭവപ്പെടല്‍, ബോധം നഷ്ടപ്പെടല്‍, സംസാരത്തിനുള്ള പ്രയാസം, ഓര്‍മ്മക്കുറവ് എന്നിവയും അനുഭവപ്പെടാം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം. ഇത് രോഗി ആദ്യം തിരിച്ചറിയണമെന്നില്ല. നേത്ര പരിശോധനക്കിടയിലാവും ഇത് കണ്ടെത്തപ്പെടുക. ചില അവസരങ്ങളില്‍ ബ്രെയിന്‍ ട്യൂമര്‍ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാക്കും. തലച്ചോറിലെ സെറിബ്രല്‍ മേഖലയിലെ ട്യൂമര്‍ ബാധയാണ് ഇതിന് കാരണമാവുക. ഈ അവസ്ഥ രോഗിക്കും കുടുംബത്തിനും ഏറെ പ്രയാസം സൃഷ്ടിക്കും. ചിലപ്പോള്‍ സൈക്കോളജിസ്റ്റിന്റെ സഹായം ഇത്തരം സാഹചര്യത്തില്‍ ഗുണം ചെയ്തേക്കും. ക്രമം തെറ്റിയ ആര്‍ത്തവം, വന്ധ്യത, ഭാരം കുറയല്‍, രക്ത സമ്മര്‍ദ്ദം കൂടല്‍, പ്രമേഹം, മാനസികാവസ്ഥ പെട്ടന്ന് മാറുക, മയക്കം, കയ്യും പാദവും വലുതാവുക എന്നിവ ചില ലക്ഷണങ്ങളാണ്. മുഖത്ത് കാണപ്പെടുന്ന ക്ഷീണം, ഒരു വശം കോട്ടിയുള്ള ചിരി, പുരികത്തിന്റെ ചുളിയല്‍, ഡബിള്‍ വിഷന്‍, സംസാരിക്കാനും, വിഴുങ്ങാനുമുള്ള പ്രശ്നങ്ങള്‍, എന്നിവയും ലക്ഷണങ്ങളാണ്. ഇവ ക്രമേണയേ കാണപ്പെട്ടു വരൂ.പെരുമാറ്റത്തില്‍ ചില പ്രശ്നങ്ങള്‍ അനുഭവപ്പെടും. വ്യക്തതയില്ലാത്ത സംഭാഷണം, അസ്ഥിരത, കണ്ണിന്റെ മനപൂര്‍വ്വമല്ലാത്ത തുറന്നടയല്‍, ഛര്‍ദ്ദി, എന്നിവയും അനുഭവപ്പെടാം. സംസാരിക്കാനും വാക്കുകള്‍ മനസിലാക്കാനുമുള്ള പ്രയാസം. എഴുതുക, വായിക്കുക, ലളിതമായ കണക്കുകൂട്ടലുകള്‍,എന്നിവക്ക് പ്രശ്നങ്ങളുണ്ടാകും. മുഖത്തിന്റെ ഒരു ഭാഗത്ത് മരവിപ്പോ, ശരീരത്തിന്റെ ഒരു വശത്തനുഭവപ്പെടുന്ന സ്വാധീനക്കുറവോ ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമാണ്. ബ്രെയിന്‍ ട്യൂമറിന്റെ മറ്റൊരു ലക്ഷണമാണ് അപസ്മാരം. ചിലര്‍ക്ക് പെട്ടന്നുള്ള പേശി വലിവാണ് അനുഭവപ്പെടുക. ഇത് കയ്യുടെയോ കാലിന്റെയോ വിറയലോ, കോച്ചിപ്പിടുത്തമോ ആകാം. ചിലപ്പോള്‍ ഇത് ശരീരത്തെ മുഴുവനും ബാധിക്കും. ഇവയെല്ലാം ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങളാണ്.