• Lisha Mary

  • March 15 , 2020

കൊച്ചി : യു.കെയില്‍ നിന്ന് എത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തില്‍പ്പെട്ട ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെയും ഭാര്യയേയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരെ സുരക്ഷാ ക്രമീകരണങ്ങളോടെ സ്വകാര്യ ഹോട്ടലില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അവര്‍ ഒഴികെയുള്ള 270 പേര്‍ വിമാനത്തില്‍ ദുബായിലേക്ക് പോയി. അതിനുശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് ആറു മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിനുതന്നെ ചെക്ക് ഇന്‍ നടപടികള്‍ തുടങ്ങി. വിമാനത്താവളം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ചില പ്രശ്നങ്ങളുണ്ടായത്. വിമാനത്താവളത്തില്‍നിന്ന് അദ്ദേഹത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി. തുടര്‍ന്നാണ് ക്വാറന്റൈന്‍ നടപടികള്‍ സ്വീകരിച്ചത്. സംഘം വന്ന വഴികളെല്ലാം അണുവിമുക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയവരെയെല്ലാം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കും. വിമാനത്താവളത്തില്‍ അവരുമായി ഇടപഴകിയവരെയെല്ലാം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തെ മെഡിക്കല്‍ ടീം കാര്യങ്ങളെല്ലാം നല്ലരീതിയില്‍ ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമിനെ അറിയിച്ചു. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ മേല്‍നോട്ടമുണ്ടാകും. നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാതെയാണ് വിമാനത്താവളത്തില്‍ എത്തിയത്. 8.30ന് കളക്ടര്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചയുടന്‍ നടപടികള്‍ സ്വീകരിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മിനിറ്റുപോലും തടസപ്പെടാത്തവിധം നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.