• admin

  • January 10 , 2020

: മുംബൈ: ഫോര്‍ ഡേ ടെസ്റ്റിനോട് മുഖം തിരിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും. നാല് ദിവസമാണ് കളി എങ്കില്‍ അത് ടെസ്റ്റ് ആവില്ല എന്നാണ് രോഹിതിന്റെ അഭിപ്രായം. ഫസ്റ്റ് ക്ലാസ് മത്സരം എന്നാണ് അതിനെ വിളിക്കേണ്ടത് എന്നും രോഹിത് പറഞ്ഞു. നാല് ദിവസമുള്ളത് ഫസ്റ്റ് ക്ലാസ് മത്സരമാണ്. അത്രയും ലളിതമായി പറയാം, ടെസ്റ്റ് ദിനങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള ഐസിസി നീക്കത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ രോഹിത് പറഞ്ഞു. നേരത്തെ ഇന്ത്യന്‍ നായകന്‍ കോഹ് ലിയും, മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍ എന്നിവരും ഫോര്‍ ഡേ ടെസ്റ്റിനെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമായി ചുരുക്കാനുള്ള ഉദ്ധേശശുദ്ധി നല്ലതല്ലെന്നാണ് കോഹ് ലി പ്രതികരിച്ചത്. ഇന്ന് നാല് ദിവസമായി ചുരുക്കി, നാളെ മൂന്ന് ദിവസമാക്കണം എന്ന് പറയാം. പിന്നെ ടെസ്റ്റ് ക്രിക്കറ്റ് അപ്രത്യക്ഷമായി എന്നാവും പറയുക എന്നും കോഹ് ലി അഭിപ്രായപ്പെട്ടിരുന്നു. സ്പിന്നര്‍മാരോടുള്ള അനീതിയാണ് ഫോര്‍ ഡേ ടെസ്റ്റ് എന്നാണ് സച്ചിന്‍ പ്രതികരിച്ചത്. അഞ്ച് ദിവസത്തെ ടെസ്റ്റിനോട് തന്നെയാണ് താത്പര്യം എന്ന് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡുപ്ലസിസും പറഞ്ഞു. ടെസ്റ്റിലെ മഹത്തായ സമനിലകള്‍ അഞ്ചാം ദിനത്തിലേക്കാണ് പോവുന്നത്. പല ടെസ്റ്റും അഞ്ചാം ദിനത്തിലേക്ക് പോവുന്നില്ല എന്നതിനാല്‍ സാമ്പത്തികമായി നഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ഞാന്‍ അഞ്ച് ദിവസമുള്ള ടെസ്റ്റിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് ഡുപ്ലസിസ് വ്യക്തമാക്കുന്നു.