• admin

  • February 27 , 2020

കൊച്ചി :

എഴുത്തുകാരന്‍ പ്രഭാ വര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ എന്ന് ഹൈക്കോടതി ആരാഞ്ഞു. 

അവാര്‍ഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസ്സിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രഭാവര്‍മയുടെ 'ശ്യാമമാധവം' എന്ന കൃതിക്കാണ് ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് പുരസ്‌കാരം വിതരണം ചെയ്യാനിരുന്നത്. ഇതിനിടെയാണ് അവാര്‍ഡ് സമര്‍പ്പണത്തിനെതിരെ ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

അവാര്‍ഡ് സമര്‍പ്പണവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. സാംസ്‌കാരിക സമ്മേളനം നടത്തുന്നതിന് എതിര്‍പ്പില്ല. എന്നാല്‍ അവാര്‍ഡ് വിതരണത്തിന് സ്റ്റേ ഏര്‍പ്പെടുത്തുകയാണെന്ന് കോടതി അറിയിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു. അമ്പതിനായിരത്തൊന്ന് രൂപയാണ് അവാര്‍ഡ് തുക.